
പത്തനംതിട്ട : കഴിഞ്ഞ അഞ്ചുദിവസമായി പെയ്ത അതിതീവ്രമഴ ഇന്നലെ ഒഴിഞ്ഞു നിന്നതോടെ അച്ചൻ കോവിൽ, പമ്പ, മണിമലയാർ നദികളിലെ ജനലനിരപ്പ് താഴ്ന്നു തുടങ്ങി. ഇതോടെ ആറന്മുള, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപരസ്ഥാപനങ്ങളിലും കയറിയ വെള്ളവും ഇറങ്ങിത്തുടങ്ങി. വെള്ളം ആദ്യമുയർന്ന റാന്നിയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. ഇവിടെ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി ക്യാമ്പുകളിൽ കഴിയുന്നവർ മടങ്ങി. അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങളും ക്ലീനിംഗ് നടത്തി തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു.
കൂടുതൽ നാശം വിതച്ച ആറന്മുള, ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലേയും ജലനിരപ്പ് പൂർണമായി താഴ്ന്നിട്ടില്ല. റോഡുകളിൽ കയറിയ വെള്ളം ഇറങ്ങിയതിനെ തുടർന്ന് തിരുവല്ല - കുമ്പഴ റോഡ്, ചെങ്ങന്നൂർ - തെക്കേമല റോഡ്, കുളനട - ആറന്മുള റോഡ് എന്നിവിടങ്ങളിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
ആറന്മുളയിലെയും തിരുവല്ല ഭാഗങ്ങളിലെയും ചെങ്ങന്നൂരിലെയും വീടുകളിൽ നിന്ന് വെള്ളം പൂർണമായി മാറിയിട്ടില്ല.
വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പൊതുഇടങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു.
ജില്ലയിലെ ഡാമുകളിലും സുരക്ഷിതമായ ജലനിരപ്പാണ് നിലവിലുള്ളത്. ഡാമുകളിൽ ഇന്നലെ മുതൽ അലർട്ടുകളൊന്നും നിലവിലില്ല. പ്രധാന ഡാമുകളുടെയെല്ലാം ഷട്ടറുകൾ അടച്ചനിലയിലാണ്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ജില്ലയെ ബാധിച്ച പ്രളയ ഭീതി മഴ ഒഴിഞ്ഞു നിന്നതോടെ ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |