
പത്തനംതിട്ട : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നാളെ രാവിലെ 9ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് ദേശീയപതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. മന്ത്രി സ്വാതന്ത്ര്യദിനസന്ദേശം നൽകും. രാവിലെ 8ന് പരിപാടി ആരംഭിക്കും. 8.45ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 9ന് മന്ത്രി ദേശീയ പതാക ഉയർത്തും. പരേഡ് കമാൻഡർക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പത്തനംതിട്ട ഡി.എച്ച്.ക്യു ക്യാമ്പിലെ കെ.എൻ.ബിജുലാൽ ആണ് പരേഡ് കമാൻഡർ.
പരേഡ് മാർച്ച് പാസ്റ്റിനു ശേഷം മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. പൊലീസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി, ബാൻഡ് എന്നിവയും ഉൾപ്പെടെ 21 പ്ലറ്റൂണുകൾ അണിനിരക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കുന്നതിന് പൊതുജനങ്ങൾ രാവിലെ 7.30ന് കോളേജ് ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ലാകളക്ടർ എ.നിസാമുദ്ദീൻ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിച്ച് ദേശീയ പതാക ഉയർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |