
ആറന്മുള: കിഴക്കൻ മലയോരത്തിന്റെ ശക്തിയും കരുത്തും കൈകളിലേക്ക് ആവാഹിച്ച് തുഴയെറിഞ്ഞെത്തിയ മേലുകരപള്ളിയോടം ഇക്കുറി ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് മത്സരത്തിൽ ജലരാജാവായി. ഇത് ഒൻപതാം തവണയാണ് മേലുകര മന്നംട്രോഫി കരസ്ഥമാക്കുന്നത്. ക്യാപ്റ്റൻ ഹരികൃഷ്ണൻ പാർത്ഥസാരഥിയുടെ ശില്പമാതൃകയുള്ള മന്നം ട്രോഫി ഉയർത്തിയതോടെ കരയാകെ ഉത്സവാന്തരീക്ഷത്തിലായി. ഇതിനുമുൻപ് 1971, 79, 2000, 2004, 2006, 2007, 2019, 2025 വർഷങ്ങളിലും മേലുകര മന്നം ട്രോഫിയിൽ മുത്തമിട്ടിട്ടുണ്ട്. മത്സരവള്ളം കളിയിൽ എട്ടുതവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇക്കുറി ഇഞ്ചോടിഞ്ച് മത്സരത്തിൽ മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് മേലുകര ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയത്. നക്ഷത്രാംകിത കൊടിയും വെള്ളിയിൽ തീർത്ത പഴയ മാതൃകയിലുള്ള അമരച്ചാർത്തുമണിഞ്ഞെത്തുന്ന മേലുകരയുടേത് കിഴക്കൻ ചിട്ടയിലുള്ള പാട്ടും തുഴച്ചിലുമാണ്. 1971ൽ മത്സര വള്ളംകളിയുടെ തുടക്കമായി നടന്ന ബാച്ച് അടിസ്ഥാനത്തിലുള്ള മത്സരത്തിൽ മല്ലപ്പുഴശ്ശേരിക്കുമായി ഒന്നാംസ്ഥാനം പങ്കിട്ടാണ് നേട്ടങ്ങളുടെ തുടക്കം. 52 അടി നീളവും 64 അംഗുലം ഉടമയും 18.5 അടി അമരപ്പൊക്കവുമാണ് മേലുകര പള്ളിയോടത്തിനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |