SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ആനസവാരി ഇല്ലാതെ ആനത്താവളം

elephant-
കോന്നി ഇക്കോ ടൂറിസം സെന്ററിലെ നിലച്ചുപോയ ആനസവാരി

കോന്നി : ഇക്കോ ടൂറിസം സെന്ററിലെ ആനസവാരി നിലച്ചിട്ട് ഏഴു വർഷങ്ങൾ. 2019ൽ കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ വന്നതോടെ ആന സവാരി നിറുത്തുകയായിരുന്നു. ദിവസവും രാവിലെയും വൈകിട്ടും നടത്തിയിരുന്ന സവാരിയിൽ പാപ്പാൻ ഉൾപ്പെടെ മൂന്ന് പേർക്ക് പങ്കെടുക്കാൻ കഴിയുമായിരുന്നു. ഒരു റൈഡിന് 600 രൂപയായിരുന്നു നിരക്ക്. സോമൻ, പ്രിയദർശിനി, മീന എന്നീ ആനകളെയാണ് സവാരിക്ക് ഉപയോഗിച്ചിരുന്നത്. തദ്ദേശീയരും വിദേശികളുമായ നിരവധിപേരെ ആന സവാരി ആകർഷിച്ചിരുന്നു. സന്ദർശകർക്ക് ആനകൾക്ക് ഭക്ഷണം നൽകാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിരുന്നു. വനം വന്യജീവി വകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ കോമ്പൗണ്ടിലെ പത്തേക്കർ സ്ഥലത്താണ് സവാരി നടത്തിയിരുന്നത്.

ആനകളുമായി ഇടപഴകാനും ആനസവാരി ആസ്വദിക്കാനുമുള്ള അവസരമാണ് ഇല്ലാതായത്. ആനകൾക്ക് ഭക്ഷണം നൽകുന്നതിനും പഴങ്ങളും മറ്റ് ട്രീറ്റുകളും നൽകുന്നതിനും നിരവധി സഞ്ചാരികൾ എത്തിയിരുന്നു. അച്ചൻകോവിലാറ്റിൽ ആനകളെ കുളിപ്പിക്കുന്നത് കാണാനും സഞ്ചാരികളേറെയുണ്ടായിരുന്നു.

കാണാം...ആന മ്യൂസിയം

ആനകളുടെ ചരിത്രം, ജീവശാസ്ത്രം, സാംസ്കാരിക പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുമായി ആന മ്യൂസിയം സമൃദ്ധമാണ്. പാപ്പാന്മാർ ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾ, പുരാതന കയ്യെഴുത്തുപ്രതികൾ, ചരിത്ര ഫോട്ടോഗ്രാഫുകൾ എന്നിവയുൾപ്പെടെ ആനകളുമായി ബന്ധപ്പെട്ട വിവിധതരം പുരാവസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ആനകളുടെ ശരീരഘടന, പെരുമാറ്റം, സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഇക്കോ ടൂറിസം സെന്ററിലെ ആന മ്യൂസിയത്തിൽ ഉണ്ട്.

1. ആനകളെ ചട്ടം പഠിപ്പിച്ചിരുന്ന ആനക്കൂട് സന്ദർശകർക്ക് കാണാൻ കഴിയുമെങ്കിലും ആനസവാരി നടത്താനുള്ള സൗകര്യങ്ങൾ വനംവന്യജീവി വകുപ്പ് ചെയ്തിട്ടില്ല.

2.ആനകളുടെ ജീവിതചക്രം, അവയുടെ ആവാസ വ്യവസ്ഥ, കാട്ടിൽ അവ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ഇക്കോ ടൂറിസം സെന്ററിലൂടെ മനസിലാക്കാനാകും.

ആനസവാരി നിലച്ചിട്ട് 7 വർഷം

നിലച്ചുപോയ ആന സവാരി പുനരാരംഭിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

വിജയകുമാർ കോന്നി (ആനപ്രേമി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL