ഏഴംകുളം : പ്രാദേശിക ടൂറിസത്തിന് ഏറെ സാദ്ധ്യതകൾ നിലനിന്ന ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കൽ ഈഴക്കോട്ട് ചിറ നാശത്തിൽ. ചിറ നവീകരിച്ച് മിനി പാർക്ക് സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനവും നടപ്പായില്ല. ചിറയിൽ താമര വിത്തുകളിട്ട് താമരക്കുളമാക്കി മാറ്റിയെടുക്കാനും പെഡൽ ബോട്ടിംഗ് സംവിധാനം ഒരുക്കാനും ശ്രമം നടത്തുമെന്ന് അധികൃതർ മുൻപ് അറിയിച്ചിരുന്നു. എന്നാൽ പായൽ മൂടി, മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലാണ് ഇപ്പോൾ ഈഴക്കോട്ട് ചിറ. ചിറയുടെ നാലുപാടും കാടുകയറി, കെട്ടിക്കിടക്കുന്ന മലിനജലം പകർച്ച വ്യാധി ഭീഷണിക്ക് കാരണമാകുന്നു. ചിറയിൽ നിറയെ മദ്യക്കുപ്പികളും കാണാനാകും. സാമൂഹിക വിരുദ്ധരുടെ താവളമാണിവിടം.
2021-22 കാലയളവിൽ ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടിൽ നിന്ന് 52 ലക്ഷം രൂപ വിനിയോഗിച്ച് ചെളി നീക്കംചെയ്ത് ചിറയുടെ ചുറ്റും സംരക്ഷണഭിത്തി കെട്ടിയിരുന്നു. എന്നാൽ പിന്നീട് വാർഷിക പദ്ധതിയിലോ ബഡ്ജറ്റിലോ ഈഴക്കോട്ട് ചിറയ്ക്ക് പരിഗണന ലഭിച്ചില്ല.
പദ്ധതി വൈകുന്നു
2022ൽ ഏഴംകുളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ നവീകരണത്തിന് ശ്രമം ആരംഭിച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷൻ, കരിങ്കൽ ഇരിപ്പിടങ്ങൾ, ചിറയ്ക്കുചുറ്റും നടപ്പാത, പൂന്തോട്ടം, കോഫി കോർണർ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റിട്ടും ചിറ നവീകരണത്തിന് ശ്രമമുണ്ടായില്ല.
ചിറയ്ക്ക് ചുറ്റും നടപ്പാതയും മുതിർന്നവർക്കായി ഇരിപ്പിടങ്ങളും സ്ഥാപിച്ചാൽ ഈഴക്കോട്ടുചിറ ഇക്കോ ടൂറിസം ആൻഡ് റിക്രിയേഷൻ പാർക്കാക്കി മാറ്റാൻ കഴിയും.
പ്രഖ്യാപിച്ച പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ താത്പര്യം കാണിക്കാതെ അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
പ്രദേശവാസികൾ
ചിറയുടെ നീളം : 125 മീറ്റർ
വീതി : 40 മീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |