ചെങ്ങന്നൂർ: ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരിൽ നിർമ്മിക്കുന്ന ഇടത്താവളം ഈ തീർത്ഥാടനകാലത്തും തുറക്കില്ല. നിർമ്മാണം പൂർണമായും നിലച്ചതോടെ കെട്ടിടം കാടുകയറി നശിക്കുന്ന സ്ഥിതിയാണ്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം കുന്നത്തുമലയിൽ ദേവസ്വം ബോർഡിന്റെ 45 സെന്റ് സ്ഥലത്ത് 2019-ൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയാണ് ഏഴു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തത്. കഴിഞ്ഞ മണ്ഡലകാലത്തിന് മുമ്പ് തീർത്ഥാടകർക്കായി ഇടത്താവളം തുറന്നുനൽകുമെന്ന് അന്നത്തെ മന്ത്രിയും നിലവിലെ എം.എൽ.എയുമായ സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് യാഥാർത്ഥ്യമായില്ല. 10.48 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി 40,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം വിഭാവനം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു പ്രോജക്ട് കൺസൾട്ടന്റ്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരേസമയം 25 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 300 പേർക്ക് വിശ്രമിക്കാനുള്ള ഇടം, രണ്ട് നിലകളിലായി അന്നദാന മണ്ഡപം, ഒരേസമയം 350 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, പാചകശാല തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നിർമ്മാണം നിലച്ചതോടെ കെട്ടിടവും പരിസരവും കാടുകയറിയ നിലയിലാണ്.
നിർമ്മാണ സാമഗ്രികൾ തുരുമ്പെടുത്തു
നിർമ്മാണത്തിനായി എത്തിച്ച പല വസ്തുക്കളും നാശത്തിന്റെ വക്കിലാണ്. കെട്ടിടത്തിലെ കമ്പികൾ തുരുമ്പെടുക്കുകയും കെട്ടിടത്തിനുള്ളിൽ ചോർച്ച അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കെട്ടിടത്തിന് സമീപം ആവശ്യമായ സെപ്റ്റിക് ടാങ്ക് നിർമ്മിച്ചതും അപകടഭീഷണി ഉയർത്തുന്നുണ്ട്. ഇതിന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ ഓവർഹെഡ് ടാങ്കും സ്ഥിതി ചെയ്യുന്നുണ്ട്. സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴികൾ ഓവർഹെഡ് ടാങ്കിന്റെ ബലത്തെ ബാധിക്കുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
കാടുകയറി കെട്ടിടം
..................................................................
സെപ്റ്റിക് ടാങ്കിൽ മഴവെള്ളം കെട്ടിക്കിടന്ന് മലിനമാകുന്നത് സാംക്രമിക രോഗങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയുണ്ട്
നിലവിൽ നിർമ്മാണം നിലച്ച കെട്ടിടത്തിലെ കമ്പികൾ തുരുമ്പെടുക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന തീർത്ഥാടനകാലത്ത് ഭക്തർക്കായി താത്കാലിക സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അനുപമ
മൂന്നാം വാർഡ്
കൗൺസിലർ
..................................................................
നിരവധി പദ്ധതികൾ പാതിവഴിയിൽ നിലച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടത്താവളത്തിന്റെ നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്ന ചോദ്യവും ഉയരുന്നു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
ദിലീപ് ഉത്രം
(ഹിന്ദു ഐക്യവേദി താലൂക്ക്
ജനറൽ സെക്രട്ടറി)
....................................................................
നിർമ്മാണച്ചെലവ് 10.48 കോടി
40,000 ചതുരശ്രയടി വിസ്തീർണം
300 പേർക്ക് വിശ്രമിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |