SignIn
Kerala Kaumudi Online
Sunday, 20 September 2026 9.18 AM IST

ആശങ്കമാറി, കൈയടി നേടി അടൂർ സ്‌ക്വാഡ്

squad-
അന്വേഷണ സംഘത്തിന്റെ ഭാഗമായ എസ്.എച്ച് ഒ ജെ.യു. ജിനു, അമീഷ്, വിജയ്, അഭിലാഷ്, നിധിൻ എന്നിവർ

അടൂർ : നാടിനെ വിറപ്പിച്ച കുട്ടിക്കള്ളന്മാരെ പിന്തുടർന്ന് പിടികൂടിയ അടൂരിലെ പൊലീസ് സംഘത്തെ നാട് ഒന്നാകെ ഇപ്പോൾ വിളിക്കുന്നത് "അടൂർ സ്‌ക്വാഡ്" എന്ന വിളിപ്പേരിലാണ്. മോഷണം നടത്തിയവരെ പിടികൂടാൻ രൂപീകരിച്ച ഡെൽറ്റാ സ്ക്വാഡിലെ അംഗങ്ങളെയാണ് ജനങ്ങൾ അടൂർ സ്‌ക്വാഡ് എന്ന് വിളിച്ച് അഭിനന്ദിക്കുന്നത്. സെപ്റ്റംബർ മുതൽ അടൂരിനെ ഞെട്ടിച്ച മോഷണ പരമ്പരയാണ് അടൂർ കൊടുമൺ പൊലീസ് സ്റ്റേഷൻ പരിധികളിലായി അരങ്ങേറിയത്. ഏഴംകുളം ദേവീക്ഷേത്രത്തിനു സമീപമുള്ള വീട്ടിൽ നിന്നും ഹീറോ ഹോണ്ട സ്‌പ്ലെൻഡർ ബൈക്ക് മോഷണം പോയതോടെയാണ് മോഷണ പരമ്പരകളുടെ തുടക്കം. സെപ്റ്റംബർ 13 മുതൽ അടൂർ സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി ക്ഷേത്രവഞ്ചികൾ പൊളിക്കുകയും ക്രിസ്ത്യൻ പള്ളികളുടെ കുരിശടി തകർക്കുകയും വീട് കുത്തിത്തുറന്ന് കവർച്ച ചെയ്യുകയും ചെയ്ത സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഒന്നടങ്കം ആശങ്കയിലായിരുന്നു. അടൂർ പൊലീസ് സേന ഒന്നാകെ വിമർശനം നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ടീം വർക്ക്‌ കൊണ്ടും അന്വേഷണ മികവ് കൊണ്ടും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച് സംഘം കൈയടി നേടിയത്. മോഷണത്തിന് നേതൃത്വം നൽകിയ വിശാൽ റാവത്ത് എന്ന യുവാവും സംഘവും പെട്രോൾ അടിക്കാൻ പമ്പിലെത്തിയ സി.സി ടി വി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് കച്ചിത്തുരുമ്പായത്. ഇതിനിടയിൽ അടൂരിൽ നിന്ന് പിടിയിലായ മറ്റൊരു മോഷണ സംഘത്തിൽ നിന്ന് മോഷ്ടാക്കളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയും ഇവർ മൂന്നാറിലേക്ക് കടന്നതായും അറിഞ്ഞു. മോഷ്ടാക്കൾ ഹെൽമെറ്റ് ധരിച്ചതിനാലും ഫോൺ ഓഫ് ചെയ്തതിനാലും അന്വേഷണം അതിസങ്കീർണമായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയുള്ള ട്രാക്കിംഗിനു സാധിച്ചിരുന്നില്ല. ഇവരുടെ നമ്പറും ഇൻസ്റ്റർഗ്രാം പ്രൊഫൈലുകളും അന്വേഷണ സംഘം നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു. പ്രതികൾ മൂന്നാറിലെ റിസോർട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ സംഘം മൂന്നാറിലെത്തി റിസോർട്ടിലെ ടെന്റുകൾ നിരീക്ഷിച്ച് മോഷണ സംഘത്തെ കൈയ്യോടെ പിടികൂടുകയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL