SignIn
Kerala Kaumudi Online
Sunday, 20 September 2026 3.40 AM IST

ദുരന്ത പ്രതിരോധം : പൈലറ്റ് പദ്ധതിയിലേക്ക് പത്തനംതിട്ട

pta-2

പത്തനംതിട്ട : പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്ത സാദ്ധ്യതകൾ ഒഴിവാക്കാനും ദുരന്ത ശേഷം പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സംസ്ഥാനത്ത് ആദ്യമായി പൈലറ്റ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നു. ഇക്കഴിഞ്ഞ മഴക്കെടുതിക്ക് പിന്നാലെ ജില്ല സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രകൃതി ദുരന്ത നിവാരണത്തിനുള്ള പൈലറ്റ് പ്രോജക്ട് പത്തനംതിട്ടയിൽ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് തലവൻമാരുടെ യോഗം ഡാം മാനേജ്മെന്റ്, ജില്ലയിലെ ദുരന്ത സാദ്ധ്യതകൾ, പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ മാപ്പ് എന്നിവ ഉൾപ്പെടുത്തി വിശദ റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനിച്ചു. ജില്ലയിലെ പരിസ്ഥിതി ദുർബല വില്ലേജുകളിൽ അവി‌ടുത്തെ സാഹചര്യം പഠിച്ച് റിപ്പോർട്ട് ചെയ്യും. ജനപ്രതിനിധികളെ സംഘടിപ്പിച്ച് ശിൽപ്പശാലകൾ ന‌ടത്തും. തുടർന്ന് ജില്ലയുടെ സമഗ്ര പദ്ധതി തയ്യാറാക്കും. ദുരന്ത നിവാ‌രണ വിഭാഗം ഡെപ്യൂട്ടികളക്ടർ ബീന എസ്.ഹനീഫ, ജില്ലാ പൊലീസ് ചീഫ് ആർ.ആനന്ദ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ദുരന്ത ലഘൂകരണം ഇങ്ങനെ

1. പമ്പൻ അച്ചൻകോവിൽ, മണിമല നദികളിലെയും കൈവഴികളിലെയും അപകടസാദ്ധ്യത കുറയ്ക്കും.

2. ജലസ്രോതസുകളും ചെക്ക് ഡാമുകളും പുനരുജ്ജീവിപ്പിക്കും.

3. നദികളിലെയും ജലാശയങ്ങളിലെയും ചെളി നീക്കും.

4. കലുങ്കുകൾ വൃത്തിയാക്കും.

5. പ്രതിരോധ സേനകളെ ശക്തിപ്പെടുത്തും.

മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കും

പ്രളയ മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കും. നിരീക്ഷണം, വാർത്താവിനിമയം, ആളുകളെ ഒഴിപ്പിക്കൽ തുടങ്ങിയവയ്ക്ക് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തും.

ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് ശിൽപ്പശാല നടത്തിയ ശേഷം സമഗ്ര പദ്ധതി തയ്യാറാക്കും. സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം നടപ്പാക്കും.

എ. നിസാമുദീൻ, ജില്ലാ കളക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL