തിരുവല്ല : ഭവനരഹിതർക്ക് വീടുവച്ചു നൽകാൻ ലൈഫ് പദ്ധതിക്കായി സ്വകാര്യ വ്യക്തി തിരുവല്ല നഗരസഭയ്ക്ക് ദാനം നൽകിയ ഭൂമി കാടുകയറി നശിക്കുന്നു. നഗരസഭ 16-ാം വാർഡിലെ കറ്റോട് പാറയ്ക്കാമണ്ണിൽ കുടുംബം നാലുവർഷം മുമ്പ് നൽകിയ 42 സെന്റ് ഭൂമിയാണ് ഉപയോഗപ്പെടുത്താത്തത്. ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിതരായ 239 പേർ നഗരസഭാ പരിധിയിൽ ഉള്ളപ്പോൾ, സൗജന്യമായി ലഭിച്ച ഭൂമി അധികൃതരുടെ പിടിപ്പുകേടുമൂലം ഉപേക്ഷിക്കപ്പെടുന്നത്.
അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്ന കറ്റോട് പാറയ്ക്കാമണ്ണിൽ ജേക്കബ് പുന്നൂസിന്റെയും മോഹൻ പുന്നൂസിന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി 2022 ഡിസംബർ 19ന് ആധാരം ചെയ്ത് നഗരസഭയ്ക്ക് ദാനം നൽകുകയായിരുന്നു. ഭവനരഹിതർക്ക് കിടപ്പാടം നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഭൂമി കൈമാറിയത്. നഗരസഭാ മുൻ കൗൺസിലർ അഡ്വ.രഘുകുട്ടൻ പിള്ളയുടെ ഇടപെടലും ഭൂമി നഗരസഭയ്ക്ക് ലഭിക്കാൻ സഹായമായി. എന്നാൽ സ്ഥലം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു വീടുപോലും ഇവിടെ ഉയർന്നില്ല. കാടുകയറി കിടക്കുന്ന ഭൂമിയിൽ ഇഴജന്തുശല്യം രൂക്ഷമായതോടെ അയൽവാസികൾ പരാതിയുമായി രംഗത്തെത്തി. ഭൂമി വൃത്തിയാക്കി സംരക്ഷിക്കുന്നതിനൊപ്പം ലൈഫ് മിഷൻ പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യം.
വീടില്ലാത്ത 600 പേർ
തിരുവല്ല നഗരസഭ പരിധിയിൽ വീട് എന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ഭവനരഹിതരുടെ എണ്ണം 600 പിന്നിട്ടു. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവനപദ്ധതികളിൽ അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നവരാണ് ഇവർ. ഇതിൽ സ്വന്തമായി വീട് നിർമ്മിക്കാൻ ഭൂമിയില്ലാത്ത 239 പേരുമുണ്ട്. ഭവനരഹിതർക്ക് ആശ്വാസമാകേണ്ട കോടികൾ വിലമതിക്കുന്ന ഭൂമി വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുമ്പോൾ അലംഭാവം മാറ്റി അടിയന്തരമായി ഭവനപദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
ഇടുങ്ങിയ വഴിയായതിനാൽ വസ്തുവിലേക്ക് വലിയ വാഹനങ്ങൾ എത്താൻ തടസമുള്ളതാണ് പദ്ധതി വൈകാൻ കാരണം. വഴിയുടെ പ്രശ്നം പരിഹരിച്ച് അർഹരായവരെ കണ്ടെത്തി ഉടൻ വീടുകൾ നിർമ്മിച്ച് നൽകും.
കെ.വി.വർഗീസ് (നഗരസഭാ വൈസ് ചെയർമാൻ)
സൗജന്യമായി ലഭിച്ചത് 42 സെന്റ് ഭൂമി
കറ്റോട് - തിരുമൂലപുരം റോഡിന് സമീപം മണിമലയാറിന്റെ തീരത്ത്.
നഗരസഭയിലെ ഭവനരഹിതർ : 600
ഭൂമിയില്ലാത്ത ഭവനരഹിതർ : 239
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |