പത്തനംതിട്ട : നവരാത്രി നാളുകളെ ധന്യമാക്കി ബൊമ്മക്കൊലുവിന്റെ അനുഗ്രഹ കാഴ്ച ഒരുക്കി പത്തനംതിട്ട ജ്യോതിഷ മഠം. വീട്ടിലെ മുതിർന്ന അംഗമായ രാജലക്ഷ്മിയാണ് കഴിഞ്ഞ 40വർഷമായി ഇതിന് നേതൃത്വം നൽകുന്നത്. സഹായികളായി മകന്റെ ഭാര്യ ഉമാറാണിയും, കൊച്ചുമകൾ ഭവ്യയുമുണ്ട്. 108 പ്രതിമകളാണ് ഒൻപതു തട്ടുകളിലായാണ് വച്ചിരിക്കുന്നത്. നവരാത്രിയിലെ ആദ്യ മൂന്ന് ദിവസം ശക്തി ലഭിക്കാനായി ദുർഗാദേവിയെയും അടുത്ത മൂന്ന് ദിവസം സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി ലക്ഷ്മി ദേവിയെയും, അവസാന മൂന്ന് ദിവസം വിദ്യാവിജയത്തിനായി സരസ്വതിദേവിയേയും പ്രത്യേകം ആരാധിക്കും. ചെമ്പുകുടത്തിൽ അരി, പരിപ്പ്, മഞ്ഞൾ, സ്വർണം, വെള്ളി, നാണയം, തേങ്ങ എന്നിവ വച്ച് പൂജ ചെയ്താണ് കൊലു ഒരുക്കുന്നത്. കൊലുവച്ച ദിവസങ്ങളിൽ ഒരു നേരമായിരിക്കും അരിയാഹാരം. ചക്കര പായസം, മധുരപ്പുട്ട്, ഉണ്ണിയപ്പം, ലഡു, ചുണ്ടൽ, വെൺപൊങ്കൽ, വട, കേസരി എന്നിങ്ങനെ നിരവധി പലഹാരങ്ങളാണ് ഒരോ ദിവസവും വീട്ടിൽ ഒരുക്കുക. പടിക്കെട്ടുകൾ പോലെ തടിയിൽ മനോഹരമായി നിർമ്മിച്ചശേഷം അലങ്കരിച്ച ഈ തട്ടുകളിലാണ് കൊലു ഒരുക്കിവച്ചിരിക്കുന്നത്. കളിമണ്ണിൽ നിർമ്മിച്ചെടുത്ത് നിറം കൊടുത്തു മനോഹരമാക്കിയ നവരാത്രി വിഗ്രഹങ്ങളാണ് ഇവ ഓരോന്നും. ഗണപതി, ദശാവതാരങ്ങൾ, അഷ്ടമലക്ഷ്മി, ഉമ മഹേശ്വര പ്രതിമ, രുഗ്മിണി, സത്യഭാമ, കൃഷ്ണൻ, ഗായത്രിദേവി, കെട്ടുമുറുക്കുന്ന സ്വാമിമാർ, ശരവണ പൊയ്കയിലെ മുരുക സങ്കൽപ്പത്തിലുള്ള ആറ് വിഗ്രഹങ്ങൾ, കാർത്തിക സ്ത്രീകൾ, അനന്തശയനം തുടങ്ങി ഒട്ടേറെ ദേവീദേവന്മാരുടെ കമനീയ കാഴ്ചകളാണ് ജ്യോതിഷമഠത്തിൽ നിറയുന്നത്.
വിദ്യയ്ക്കും ഐശ്വര്യത്തിനും
ബൊമ്മക്കൊലു പൂജയിലൂടെ വിദ്യയും ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം. അരിയും സ്വർണ്ണവും വെള്ളിയും നിറച്ച് കുംഭത്തിൽ നാളികേരം വച്ച് മാവില കൊണ്ട് അലങ്കരിച്ച് ദേവിയെ സങ്കൽപ്പിച്ച് ഒൻപത് ദിവസം ഇവിടെ പൂജയും പ്രാർത്ഥനയും നടത്തും. ദേവിയുടെ ദശഭാവങ്ങളെയാണ് ഇതിലൂടെ പൂജിക്കുന്നത്. ലളിതാ സഹസ്രനാമം, അഷ്ടോത്തരം, സൂക്തജപങ്ങൾ എന്നിവ രാവിലെയും വൈകിട്ടും ബൊമ്മക്കൊലുവിന് സമീപമിരുന്ന് ചൊല്ലും. നവരാത്രി ദിനങ്ങളിൽ വീടു സന്ദർശിക്കുവാനും ബൊമ്മക്കൊലു കാണുവാനും എത്തുന്നവർക്ക് നിവേദ്യത്തിന്റെ ഒരംശവും വിവിധ തരത്തിലുള്ള സമ്മാനവും നൽകുന്നതാണ് മറ്റൊരു പ്രത്യേകത.
....................
9 തട്ടുകളിലായി 108 പ്രതിമകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |