കുതിരമുക്ക് : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ കുതിരമുക്ക് -പൊടിവിളപ്പടി പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. മഴക്കാലത്തും കിലോമീറ്ററുകൾ നടന്ന് കുടിവെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. സ്വന്തമായി കിണറുകൾ ഇല്ലാത്തതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നാണ് പ്രദേശവാസികൾ വെള്ളം എത്തിക്കുന്നത്. പഞ്ചായത്ത് കിണർ ആളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ശുചിത്വമില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. 2025ൽ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പ്രതിനിധികൾ കുടിവെള്ള പൈപ്പ് കണക്ഷൻ യഥാർത്ഥ്യമാക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും അതും പാഴായി. പുതിയ പഞ്ചായത്ത് ഭരണസമിതി വന്നിട്ടും വാഗ്ദാനം ഇതുവരെ നടപ്പായില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ആളുകൾ സമീപ പ്രദേശങ്ങളിൽ നിന്നാണ് പണം കൊടുത്ത് വെള്ളം വാങ്ങുന്നത്. പ്രദേശവാസികൾ മുൻപ് പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പ്രദേശത്തെ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
പൊടിവിളപ്പടിയിൽ മാത്രം മുട്ടാപ്പോക്ക് ന്യായം !
ഉടയാൻ കാവ് ഭാഗത്ത് നിന്നും പ്രദേശത്തേക്ക് പൈപ്പു ലൈൻ വലിക്കാൻ വർഷങ്ങൾക്ക് മുൻപ് ശ്രമം ഉണ്ടായെങ്കിലും സമീപത്തുള്ള മൊബൈൽ ടവറുകളുടെ കേബിളുകൾ മണ്ണിനടിയിലൂടെ പോയിരിക്കുന്നതിനാൽ പൈപ്പുലൈൻ കൊണ്ടുവരാൻ കഴിയില്ലെന്ന മുട്ടാപ്പോക്ക് ന്യായമാണ് അധികൃതർ പറഞ്ഞിരുന്നത്. 2024ൽ അന്നത്തെ വാർഡുമെമ്പറുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ പ്രദേശവാസികളുടെ യോഗത്തിൽ ഇക്കാര്യം ആവർത്തിക്കുകയും പരിഹാരമായി ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റീൽ ജി.എ പൈപ്പ് വലിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്നും അധികൃതർ വാഗ്ദാനം ചെയ്തെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
.........................................................
പൊടിവിളപ്പടി ഭാഗത്ത് ജൽജീവൻ പൈപ്പ് കണക്ഷൻ അധികം വൈകാതെ നടപ്പിലാക്കും. പ്രദേശത്തെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കും. ജൽ ജീവൻ പദ്ധതി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അനുബന്ധ പ്രവർത്തനങ്ങൾ ആരംഭിക്കും.
ഇ.എ ലത്തീഫ്
(ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
..............................................................................
പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. പണം കൊടുത്ത് വെള്ളം മേടിക്കേണ്ട സ്ഥിതിയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അധികൃതർ തയാറാകണം. പൊതു കിണർ ശുചീകരിക്കണം
വിഷ്ണു മോഹനൻ
(പ്രദേശവാസി )
...........................................
2000 ലിറ്റർ വെള്ളത്തിന് 1000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |