
കോന്നി : മലയാലപ്പുഴ പഞ്ചായത്തിലെ മുക്കുഴിയിൽ കാട്ടാന ശല്യം വർദ്ധിച്ചതിനെ തുടർന്ന് പ്രദേശത്ത് ഫോറസ്റ്റ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ കെ.യു ജനീഷ് കുമാർ എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വനം റവന്യൂ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമെടുത്തു. മലയാലപ്പുഴ പഞ്ചായത്തിൽ വന്യമൃഗശല്യം ഉണ്ടായാൽ തണ്ണിത്തോട്ടിൽ നിന്ന് വനപാലകർ എത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം.
രണ്ടുവർഷം മുൻപ് ഇവിടെ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പ് ക്യാമ്പ് ഷെഡിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു. വാടക കെട്ടിടത്തിലെ ക്യാമ്പ് ഷെഡിന്റെ പ്രവർത്തനം പിന്നീട് നിലച്ചു പോവുകയായിരുന്നു. മുക്കുഴിയിൽ ഫോറസ്റ്റ് എയ്ഡ്സ് പോസ്റ്റ് സ്ഥാപിക്കുതോടെ രാത്രിയിലും പകലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വനംവകുപ്പ് വാച്ചർമാരുടെയും സാന്നിദ്ധ്യം ഉണ്ടാകും.
റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയോട് ചേർന്ന ജനവാസ മേഖലകളാണ് പുതുക്കുളം, മുക്കുഴി, തെക്കുമല, കുമ്പളത്താമൺ, വട്ടത്തറ തുടങ്ങിയ പ്രദേശങ്ങൾ. വനമേഖലയിൽ നിന്നും കല്ലാർ കടന്ന് ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനകളും, കാട്ടുപോത്തുകളും, മ്ലാവുകളും, കാട്ടുപന്നികളും പ്രദേശത്ത് വ്യാപകമായ കൃഷിനാശം വരുത്തുകയും ജന ജീവിതത്തിന് ഭീഷണിയായി മാറുകയുമാണ്. ഒരാഴ്ച മുമ്പ് മുക്കുഴി, വട്ടത്തറ മേഖലകളിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തി. വടശേരിക്കര റേഞ്ചിലെ വനമേഖലയിൽ നിന്നും കല്ലാർ കടന്ന് ജനവാസ മേഖലകളിൽ എത്തിയ കാട്ടാനകൾ പഞ്ചായത്ത് റോഡിലൂടെ നടന്നു പോകുന്ന സ്ഥിതി വരെ ഉണ്ടായി. രാവിലെ റബർ ടാപ്പിംഗിന് ഇറങ്ങിയ ആളുകൾ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടാനകളുടെ ആക്രമണത്തിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |