SignIn
Kerala Kaumudi Online
Thursday, 11 June 2026 3.10 AM IST

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം

1

മാനന്തവാടി: വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വെള്ളാഞ്ചേരി പുളിമൂട്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ 65കാരനായ ആദിവാസിക്ക് ദാരുണാന്ത്യം. പുളിമൂട് കുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന പുട്ടൻ എന്ന രാജുവാണ് (65) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.

ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ വനം വകുപ്പും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെ രാജു പണിയെടുക്കുകയായിരുന്ന കൃഷിയിടത്തിലേക്ക് ആന ഓടിയെത്തുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ തലയ്ക്കടക്കം ഗുരുതര പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1.40ന് മരിച്ചു.

രാജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക,​ ആശ്രിത നിയമനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുൻമന്ത്രി ഒ.ആർ.കേളു, ജില്ലാ സെക്രട്ടറി കെ.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ മൃതദേഹവുമായി മെഡിക്കൽ കോളേജിന് മുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു. അതിനിടെ ഉഷാവിജയൻ എം.എൽ.എ സ്ഥലത്തെത്തിയതോടെ പ്രതിഷേധം കടുത്തു.

തുടർന്ന് എം.എൽ.എ,​ സബ് കളക്ടർ അതുൽ സാഗർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി. ചർച്ചയ്ക്കിടെ പലതവണ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആദ്യ ഗഡുവായി 5 ലക്ഷം ഉടൻ കൈമാറാനും ചർച്ചയിൽ ധാരണയായി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. ആശ്രിതർക്ക് സ്ഥിരം ജോലി നൽകുന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് എം.എൽ.എ രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

മൂന്നര മണിക്കൂറിനു ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. പരേതരായ വെള്ളു- എമ്മി ദമ്പതികളുടെ മകനാണ് രാജു. സഹോദരങ്ങൾ: തിമ്മൻ, കൊഞ്ചൻ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA