SignIn
Kerala Kaumudi Online
Tuesday, 26 May 2026 10.24 PM IST

വെണ്ണിച്ചിറക്കുളം അവഗണനയിൽത്തന്നെ

hi

കിളിമാനൂർ: ഒരു വേനൽ കൂടി അടുക്കുമ്പോഴും വെണ്ണിച്ചിറക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ കടലാസിൽത്തന്നെ. രണ്ടുവർഷം മുമ്പ് പണി ആരംഭിച്ചെങ്കിലും പ്രാരംഭനടപടികൾ പോലും പൂർത്തിയായില്ലെന്നാണ് ആക്ഷേപം. കിളിമാനൂർ പഞ്ചായത്തിലെ വലിയ ജലാശയമാണ് പോങ്ങനാടിന് സമീപം വെണ്ണിച്ചിറയിലുള്ളത്. ഒരുകാലത്ത് പ്രദേശമാകെ വെളളമെത്തിച്ചിരുന്നത് ഇവിടെ നിന്നാണ്. കർഷകർക്കും കന്നുകാലികൾക്കും വിശ്രമിക്കാനും വെള്ളം കുടിക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിരുന്നു. ജനാധിപത്യഭരണം വന്നതോടെ ഇവിടെയുണ്ടായിരുന്ന ചരിത്ര ശേഷിപ്പുകൾ പലതും നാമാവശേഷമായി. പിന്നീട് കാലാകാലങ്ങളിൽ പഞ്ചായത്തധികൃതരും മറ്റും ചേർന്ന് കുളം നവീകരിക്കുമായിരുന്നു. ഇതിനിടയിൽ ഇവിടെ മത്സ്യക്കൃഷിയും നടത്തിയിരുന്നു.

ഷാർക്ക് അക്വാട്ടിക് ക്ലബ്

നാട്ടിലെ കുട്ടികൾക്കും യുവജനങ്ങൾക്കും നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടത്തക്കവിധം പഞ്ചായത്തിന്റെ സഹായത്തോടെ ഷാർക്ക് അക്വാട്ടിക് ക്ലബ് രൂപീകരിച്ചു. കിളിമാനൂർ പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും കുട്ടികളുൾപ്പെടെ നൂറിലേറെ പേർ ഇവിടെ നീന്തൽ പരിശീലനം നടത്തിവന്നിരുന്നു. 2016ൽ ആരംഭിച്ച ക്ലബിലെ കുട്ടികൾ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മെഡലുകൾ വാങ്ങി നീന്തൽ പരിശീലനകേന്ദ്രം വളർന്നു. ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ നിന്ന് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി പണികൾ ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലായിരുന്നു തുടർന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ. പിന്നീട് പണി നിലയ്ക്കുകയും ചെയ്തു.

ഒന്നാംഘട്ട പദ്ധതികൾ

ദീർഘ ചതുരാകൃതിയിലുള്ള കുളത്തിന്റെ കിഴക്കേ അറ്റത്തായി 25 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള സ്വിമ്മിംഗ് പൂൾ

കൃഷി ആവശ്യങ്ങൾക്ക് കുളത്തിലെ വെള്ളം ഉപയോഗിക്കത്തക്കവിധം ജലനിരപ്പിൽ നിന്നും ഒരടി ഉയരത്തിൽ കോൺക്രീറ്റ് പില്ലറുകൾ നാട്ടി മുകളിലായി പ്ലാറ്റ്ഫോം കോൺക്രീറ്റ് ചെയ്ത് ഇതിനുള്ളിലായി സ്വിമ്മിംഗ് പൂൾ

സ്വിംമ്മിംഗ് പൂളിലേക്കാവശ്യമായ ജലത്തിന് കിണർ നിർമ്മിച്ച് അതിൽ നിന്നും വെള്ളം പമ്പുചെയ്ത് ശുദ്ധീകരിക്കും

കിണർ, ശുദ്ധീകരണശാല, പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കും

പടിഞ്ഞാറുഭാഗത്ത് പരിശീലകർക്കായി ഡ്രസിംഗ് റൂം, വെയിറ്റിംഗ് റൂം, ടോയ്ലെറ്റ്

പൂളിലേക്ക് 5 മീറ്റർ വീതിയിൽ റോഡ്

പായലും മാലിന്യങ്ങളും നീക്കം ചെയ്ത് കുളം വൃത്തിയാക്കിയിരുന്നെങ്കിൽ വരാനിരിക്കുന്ന വലിയൊരു ജലക്ഷാമത്തിൽ നിന്നും പ്രദേശവാസികൾ രക്ഷപ്പെട്ടേനെയെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL