SignIn
Kerala Kaumudi Online
Sunday, 14 June 2026 6.31 AM IST

ജപ്‌തിക്ക് മുൻപേ വീടൊഴിഞ്ഞ് അവർ......

തിരുവനന്തപുരം: കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന വേദനയിലാണ് കരമന കൊച്ചു കാട്ടാൻവിള കേശവഭവനിൽ സർക്കാർ കോൺട്രാക്ടർ കെ. സതീശനും ഭാര്യ വി.ബിന്ദുവും ജീവനൊടുക്കിയത്. ബാങ്ക് അധികൃതർ ഇന്ന് വീട് ജപ്തി ചെയ്യാനിരിക്കെയാണ്, ഒരു ദിവസം മുൻപേ ഇവർ വീട്ടിൽ നിന്നും സ്വയം ഒഴിഞ്ഞുപോയത്. വിദേശത്തുള്ള ഏക മകൻ സജിത്ത് ഇന്ന് മടങ്ങിയെത്തുമ്പോൾ കാത്തിരിക്കുന്നത് അച്ഛനുമമ്മയുമില്ലാത്ത വീടാണ്.ബാങ്കിന്റെ കണ്ണിൽ ചോരയില്ലാത്ത സമീപനമാണ് സതീശനും ഭാര്യ ബിന്ദുവും ആത്മഹത്യ ചെയ്യാൻ കാരണമെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത് വൈകിയിരുന്നു. സതീശന്റെ ഓവർ ഡ്രാഫ്ട്, പലിശയും പിഴപ്പലിശയും ചേർന്ന് വൻ ബാദ്ധ്യതയായതോടെ യഥാസമയം അടച്ചുതീർക്കാനായിരുന്നില്ല. അസുഖം കാരണം കരാർ പണികൾ ഏറ്റെടുക്കാൻ കഴിയാതെ വന്നപ്പോൾ ലോൺ അടച്ചുതീർക്കാനും കഴിഞ്ഞില്ല. ഇതിനിടെ മകൻ സജിത്ത്,സ്വന്തമായി കോൺട്രാക്ടർ ലൈസൻസെടുത്ത് കരാറേറ്റെടുത്ത് പണികൾ ചെയ്ത് അച്ഛന്റെ ബാദ്ധ്യതകൾ തീർക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. സതീശൻ ചെറിയ കരാർ പണികൾ ഏറ്റെടുക്കുകയും ബാദ്ധ്യത കാരണം ഓവർ ഡ്രാഫ്ട് കിട്ടാത്തതിനാൽ സ്വകാര്യ വ്യക്തികളിൽ നിന്നും കടം വാങ്ങിയായിരുന്നു പണികൾ ചെയ്തിരുന്നത്. എന്നാൽ കരാർ തുക ബാങ്ക് അക്കൗണ്ടിൽ എത്തുമ്പോൾ ബാങ്ക് അധികൃതർ ലോണിലേക്ക് വരവ് വയ്‌ക്കുകയായിരുന്നു. ഇതോടെ കടം വാങ്ങിയവർക്ക് തിരികെ കൊടുക്കാൻ കഴിയാതെയായി. കഴിഞ്ഞ ഒരുമാസമായി ഓട്ടോറിക്ഷ ഓടിച്ചാണ് സതീശൻ കുടുംബം പുലർത്തിയത്. ബാദ്ധ്യതകൾ കൂടിയതോടെ സതീശന്റെ മകൻ സജിത്ത് കഴിഞ്ഞ മാസമാണ് വിദേശത്ത് ജോലിതേടി പോയത്.ഇതിനിടെ ബാങ്കിൽ ഈടായി നൽകിയ മുടവൻമുകളിലെ വീട് അറ്റാച്ച് ചെയ്തു. ഇവർ താമസിച്ചുവരുന്ന കാട്ടാൻവിളയിലെ വീട് ജപ്തി ചെയ്യാനായി ഉദ്യോഗസ്ഥർ മൂന്ന് തവണയെത്തിയെങ്കിലും പൊതുപ്രവർത്തകരും നാട്ടുകാരും ഇടപെട്ട് ഇവരെ മടക്കി അയച്ചു. ഇന്ന് (തിങ്കൾ) വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അധികൃതർ അവസാനമായി അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു. മരണത്തിന് ഉത്തരവാദിയായ എസ്.ബി.ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം എസ്.ബി.ഐ റീജിയണൽ മാനേജരുടെ ഓഫീസിന് മുന്നിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL