
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവ വൈവിദ്ധ്യപ്പെരുമയ്ക്ക് മുതൽക്കൂട്ടായ ശാസ്‌താംനടയിലെ ശുദ്ധജല കണ്ടൽക്കാട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല കണ്ടൽക്കാടാണ് ഇവിടെയുള്ളത്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശമാണിവിടം. ഓടുചുട്ടപടുക്ക,ഒരുപറ,ശംഖിലി,ചെന്തുറുണി എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് കണ്ടൽക്കാടുകൾ. പശ്ചിമഘട്ടം ഉൾപ്പെടുന്ന മുഴുവൻ കാട്ടുജാതിക്കാ മരങ്ങളും ഒരുമിച്ച് കാണാൻ പറ്റുന്ന ഏകയിടം എന്ന പ്രത്യേകതയുമുണ്ട്.
നിത്യഹരിതവനങ്ങൾക്കും അർദ്ധ നിത്യഹരിതവനങ്ങൾക്കും ഇടയിൽ കാണുന്ന ശുദ്ധജല ചതുപ്പുകൾ ജൂലായ് മുതൽ ഡിസംബർ മാസം വരെ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളാണ്. ഈ ചതുപ്പുകളിൽ സാധാരണ വനവൃക്ഷങ്ങൾക്ക് വളരാൻ സാധിക്കില്ല.
താങ്ങുവേരുകളുള്ള വൃക്ഷങ്ങൾ
വെള്ളക്കെട്ടിൽ വളരുന്നതിന് അനുകൂലമായ ഘടനയോടു കൂടിയ വൃക്ഷങ്ങളാണ് ഇവിടെ വളരുക. തായ്‌ത്തടിയിൽ നിന്നും താഴേക്ക് നീളത്തിൽ വളർന്നിറങ്ങുന്ന പൊയ്ക്കാൽ വേരുകൾ എന്നോ മുട്ടുവേരുകൾ എന്നോ വിളിക്കാവുന്ന താങ്ങുവേരുകൾ ഈ വൃക്ഷങ്ങളുടെ പ്രത്യേകതയാണ്.
താങ്ങുവേരുകളുടെ സഹായത്തോടെ ഇവ വളരുന്നു. കൂടാതെ വേരുകൾ മണ്ണിന് പുറത്ത് വളയം തീർക്കും. കൂനൻ വേരുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. കൂനൻ ചതുപ്പ് എന്നാണ് ആദിവാസി ഗോത്ര സമുദായക്കാരും ഇവയെ വിളിക്കുന്നത്.
ഉണ്ടപ്പൈൻ,ചോരപ്പൈൻ,ചോരപ്പാലി,കൊത്തപ്പൈൻ,പത്രി എന്നീ കാട്ടു ജാതിക്കാമരങ്ങൾ ഇവിടെ ഇടതിങ്ങി വളരുന്നു.
സമീപകാലത്തായി പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പുതിയ ഒരിനം മരം കൂടി കണ്ടെത്തിയിട്ടുണ്ട്. മിരിസ്റ്റിക്ക ട്രോ ബോഗാരി എന്നാണ് ഇതിനെ നാമകരണം ചെയ്തത്.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഞാവൽ വർഗത്തിൽപ്പെട്ട ചവറാൻ എന്ന സസ്യവും ഇവിടെയുണ്ട്. ശുദ്ധജല ചതുപ്പുകളിൽ 25 മുതൽ 30 വരെ മീറ്റർ പൊക്കത്തിൽ ഇവ വളരും.
ജൈവ സമൃദ്ധം
പശ്ചിമഘട്ടത്തിൽ കാണുന്ന ഉഭയജീവികളിൽ അമ്പത് ശതമാനവും ഇവിടെയുണ്ട്. കരഞണ്ടുകൾ,ചെങ്കാലൻ ഞണ്ടുകൾ,ചെമ്പൻ തവള,കുതിക്കും തവള,സുവർണത്തവള,പറക്കും തവള എന്നിവയാണ് ഇവയിൽ പ്രധാനികൾ. 55 ഇനം ഉരഗങ്ങളെ ഇവിടെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കുഴി മൂക്കൻ അണലി,കാട്ടുമണ്ഡലി,കങ്കാരു ഓന്ത് എന്നിവ ഇവയിൽ ചിലതാണ്.
കാട്ടാമ,ചൂരൽ ആമ എന്നിവയെക്കൂടാതെ കുഴൽ ചിലന്തി,കടുവാ ചിലന്തി,രാക്ഷസ ചിലന്തി,ജലോപരിതലത്തിൽ പൊങ്ങിക്കിടന്ന് മീൻ പിടിച്ച് ഭക്ഷിക്കുന്ന മീൻ പിടിയൻ ചിലന്തി,പലതരം മീനുകൾ എന്നിവ ഈ ആവാസ വ്യവസ്ഥയിൽ കഴിയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |