SignIn
Kerala Kaumudi Online
Sunday, 19 July 2026 4.44 AM IST

സർവീസുകൾ നിറുത്തലാക്കി; പെരുമാതുറയിൽ യാത്രാക്ലേശം

ksrtc-bus-

ചിറയിൻകീഴ്: തീരദേശ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പല സർവീസുകളും നിറുത്തലാക്കിയതാണ് പ്രശ്നത്തിന് കാരണം. രാത്രിയിൽ തിരുവനന്തപുരത്ത് നിന്ന് പെരുമാതുറയിലെത്തി പിറ്റേന്ന് വെളുപ്പിന് 4.50ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സ്റ്റേ സർവീസ് നിറുത്തലാക്കിയിട്ട് വർഷങ്ങളായി.

കണിയാപുരം ഡിപ്പോയിൽ നിന്ന് 4.50ന് പുറപ്പെട്ട് പെരുമാതുറയിലെത്തി തിരിച്ചു പോകുന്ന സർവീസും ഇപ്പോഴില്ല. കളിയിക്കാവിളയിൽ നിന്ന് ആരംഭിച്ച് തീരദേശ പാതയിലൂടെ കരുനാഗപ്പള്ളിയിൽ എത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസും മലയോര മേഖലയായ നെടുമങ്ങാടിനെയും തീരദേശ മേഖലയായ പെരുമാതുറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസും വിസ്മൃതിയിലായിട്ട് നാളുകളായി.

ചിറയിൻകീഴ്-പെരുമാതുറ സർവീസും നിലച്ചു

വിദ്യാർത്ഥികൾക്കും പെരുമാതുറ നിവാസികൾക്കും ഏറെ പ്രയോജനകരമായിരുന്ന ചിറയിൻകീഴ്-പെരുമാതുറ സർക്കിൾ സർവീസും നിലച്ചിട്ട് കാലങ്ങളായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിലെ പ്രദേശമാണ് പെരുമാതുറ. പെരുമാതുറ നിവാസികൾക്ക് പഞ്ചായത്തിലെ വിവിധ കാര്യങ്ങൾ നേടിയെടുക്കാൻ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്താനും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും റെയിൽവേ സ്റ്റേഷനിലും ആറ്റിങ്ങൽ ഭാഗത്ത്‌ എത്തുവാനും മടക്കയാത്രയ്ക്കും ഒക്കെ ഈ സർവീസ് ഏറെ പ്രയോജനകരമായിരുന്നു.

സന്ധ്യ കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തുനിന്ന് പെരുമാതുറ ഭാഗത്തേക്ക് ബസില്ല. പഠനം കഴിഞ്ഞും ജോലി കഴിഞ്ഞും തിരുവനന്തപുരം ഭാഗത്ത് എത്തുന്നവർ അനുഭവിക്കുന്ന യാത്രാക്ലേശം ചെറുതല്ല. പലരും വിവിധ ഇടങ്ങളിൽ ഇറങ്ങി ഓട്ടോപിടിച്ചും വീട്ടുകാരെ വിളിച്ചുവരുത്തിയും ഒക്കെയാണ് രാത്രികാലങ്ങളിൽ വീടുകളിലെത്തുന്നത്.

പ്രിയദർശിനിയുമില്ല

പെരുമാതുറയിലെത്തുന്ന കെ.എസ്.ആർ.ടി.സിയിലെ വനിത ജീവനക്കാർക്ക് ടോയ്ലെറ്റ് സംവിധാനം ഇല്ല. പലരും സമീപ വീടുകളെയാണ് ആശ്രയിക്കുന്നത്. പെരുമാതുറ,തുമ്പ,വേളി,കിഴക്കേകോട്ട റൂട്ടിൽ പ്രിയദർശിനി ബസുകളുടെ സർവീസ് ഇല്ലെന്ന ആക്ഷേപവും ശക്തമാണ്.

പെരുമാതുറ-കണിയാപുരം റൂട്ടിലെ യാത്രാക്ലേശം ഒരു പരിധിവരെ പരിഹരിക്കുന്നത് ടെമ്പോ സർവീസുകൾ ആണെങ്കിലും ആളെ പിടിക്കാനായി വഴിയരികിൽ കാത്തു കിടക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. സന്ധ്യയോടെ ഇത്തരം സർവീസുകളും നിശ്ചലമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL