
തിരുവനന്തപുരം: സ്‌മാർട്ട് സിറ്റിയുടെ 9 ലക്ഷം രൂപ വിലയുള്ള അലങ്കാര ലൈറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. കുളത്തൂർ ഉച്ചക്കട സ്വദേശി കണ്ണനെയാണ് (62) കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്‌തത്. കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ സ്‌മാർട്ട് സിറ്റി സ്ഥാപിച്ച 35 ബൊള്ളാർഡ് ലൈറ്റുകൾ കാണാതായ സംഭവത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
പാളയം,മ്യൂസിയം ഭാഗത്ത് നിന്ന് ലൈറ്റുകൾ മോഷണം പോയ സംഭവത്തിൽ സ്‌മാർട്സിറ്റി അധികൃതർ പരാതി നൽകിയിരുന്നു. അട്ടക്കുളങ്ങര കിള്ളിപ്പാലത്ത് ബൈപ്പാസ് റോഡിന് സമീപത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. സി.സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ലൈറ്റുകൾ ഒടിച്ചെടുക്കുകയാണ് ഇയാൾ ചെയ്‌തിരുന്നത്. ഇവ കിളിമാനൂരുള്ള ആക്രിക്കടയിലാണ് വിറ്റതെന്നും കണ്ടെത്തി. ഒരെണ്ണത്തിന് 300-400വരെയാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. മോഷണം പോയ 35 ലൈറ്റുകളിൽ 21 എണ്ണം ആക്രിക്കടയിൽ നിന്ന് പൊലീസ് കണ്ടെത്തി. ബാക്കിയുള്ളവ ചെന്നൈയിലേക്ക് കടത്തിയെന്നാണ് ആക്രിക്കടക്കാരൻ പറയുന്നത്. രാത്രിയിലാണ് പ്രതി മോഷണം നടത്തുന്നത്. അതേസമയം നഗരത്തിൽ ഇതുവരെ 77 ബൊള്ളാർഡ് ലൈറ്റുകൾ മോഷണം പോയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |