SignIn
Kerala Kaumudi Online
Sunday, 02 August 2026 2.27 AM IST

ദേശീയ പാതയിലെ മരുത്തൂർ പാലം തകർന്നു

6666

നെയ്യാറ്റിൻകര: ടി.ബി ജംഗ്ഷന് സമീപം മരുത്തൂർ തോടിന് മുകളിലായുള്ള ദേശീയപാതയിലെ കരിങ്കൽ പാലം തകർന്നു. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള ദേശീയ പാത 66ലെ പാലത്തിന്റെ ഒരു വശമാണ് തകർന്നത്. ഇവിടെ അപകട സിഗ്നൽ സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളിൽ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയിലാണ്.

പാലത്തിന്റെ ഒരു വശത്തെ കോൺക്രീറ്റ് കൈവരി ഏതാണ്ട് പൂർണമായും തകർന്നു. അഞ്ചു വർഷം മുൻപ് പാലത്തിന്റെ മറ്റൊരു വശത്തെ കൈവരിയും തകർന്നിരുന്നു. ഒരു സിഗ്നൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം രണ്ട് വാഹനാപകടങ്ങൾ ഇവിടെ നടന്നു. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ ഒരു ബൈക്ക് യാത്രികൻ തോട്ടിലേക്ക് വീണ് പരിക്കേറ്റു.

നേരത്തേ എൻ.എച്ച് 47ആയിരുന്ന ഈ പാത 2010ലാണ് എൻ.എച്ച് 66ആയി പുനർനാമകരണം ചെയ്തത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഈ പാലത്തിന് നൂറിലധികം വർഷത്തെ പഴക്കമുണ്ട്. 1938ആഗസ്റ്റ് 31ലെ പ്രസിദ്ധമായ നെയ്യാറ്റിൻകര വെടിവെയ്പ്പിന് ആസ്പദമായ സംഭവവികാസങ്ങൾ നടന്നത് ഈ പാലത്തിന് സമീപത്താണ്. സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് നെയ്യാറ്റിൻകര സ്വദേശി എൻ.കെ.പത്മനാഭപിള്ളയെ അറസ്റ്റു ചെയ്യുവാനായെത്തിയ സി.ഐ രാമൻ പിള്ളയുടെ കാർ സമരക്കാർ മറിച്ചിട്ട് തീ വയ്ച്ചത് ഈ പാലത്തിനുമുകളിൽ വച്ചാണ്.

പാത വികസനം നീളുന്നു

കൊടിനട മുതൽ വഴിമുക്ക് വരെയുള്ള 1.5കിലോമീറ്റർ ഭാഗത്തെ (ബാലരാമപുരം ജംഗ്ഷൻ ഉൾപ്പെടെ) ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർണ്ണമായി പൂർത്തിയായിട്ടില്ല. ബാക്കിയുള്ള ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള തുക സംസ്ഥാന ധനകാര്യ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അതുകൊണ്ട് ദേശീയ പാതാവികസനം ദീർഘമായി നീളുകയാണ്.

പാത വികസനവുമായി ബന്ധപ്പെടുത്തി മാത്രമേ പാലം പുതുക്കി പണിയാൻ കഴിയുകയുള്ളുവെന്നാണ് ദേശീയപാതാ വികസന അതോറിട്ടി അധികൃതരുടെ വാദം.

ചരിത്ര സ്മാരകമായി പാലം സംരക്ഷിക്കണം

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിരവിധി പേർ ബ്രിട്ടീഷുകാരുടെ തോക്കിന് ഇരയായി മരിച്ച നെയ്യാറ്റിൻകര വെടിവെയ്പ്പുമായി ബന്ധപ്പെട്ട ഈ പാലം ചരിത്ര സ്മാരകമായി നിലനിറുത്തി പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL