SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.42 PM IST

സുഗതന്റെ അവധി അപേക്ഷ; തദ്ദേശ വകുപ്പിന്റെ വിവാദ നോട്ടീസ് റദ്ദാക്കും

തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന കോർപ്പറേഷൻ കൗൺസിലർ ആർ.സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ വകുപ്പിന്റെ വിവാദ നോട്ടീസ് റദ്ദാക്കും.

തന്റെ നിർദേശം മറികടന്ന് അനുകൂല റിപ്പോർട്ട് നൽകിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.എം.ഷാജി പറഞ്ഞു. അണ്ടർ സെക്രട്ടറി ചെയ്‌തത് ഗുരുതരമായ തെറ്റാണ്. റിപ്പോർട്ട് ആദ്യം സെക്രട്ടറിയുടെ പരിഗണനയിൽ വന്നപ്പോൾ അവധി നൽകാൻ സാധിക്കില്ലെന്ന് കാണിച്ച് തിരിച്ചയച്ചതാണെന്നും കെ.എം.ഷാജി പറഞ്ഞു. ക്രിമിനലായ ഒരാൾക്ക് തദ്ദേശവകുപ്പിന്റെ ഒരു പേപ്പർ കൊണ്ട് ആനുകൂല്യം ലഭിക്കാൻ പാടില്ല. ഇനി എന്ത് ചെയ്യാൻ പറ്റുമെന്ന സാദ്ധ്യത പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്‌കോർട്ട് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ നൽകിയ കത്തിന് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി അണ്ടർ സെക്രട്ടറി കൊടുത്ത മറുപടിയായിരുന്നു വിവാദമായത്. മേയർ വി.വി.രാജേഷിന് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ടുവഴി അവധി അപേക്ഷ നൽകിയത് സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു.

13ന് കത്ത് ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി. തദ്ദേശ വകുപ്പിലെ അസിസ്റ്റന്റ് കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടെന്ന് എഴുതി. അണ്ടർ സെക്രട്ടറി വഴി ഫയൽ സെക്രട്ടറി കണ്ടു. സെക്രട്ടറിയും തദ്ദേശമന്ത്രിയും അനുമതി നിഷേധിച്ചത് മറികടന്ന് കെ.എ.എസ് ഉദ്യോഗസ്ഥയായ അണ്ടർ സെക്രട്ടറി അവധി അപേക്ഷ വോട്ടിനിടാൻ നിർദ്ദേശിച്ചു. 20ന് ലഭിച്ച കുറിപ്പ് അതേപോലെ പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി സുഗതന് കത്ത് നൽകുകയായിരുന്നു.


കത്തിന് പിന്നിൽ പഴയ സർക്കാരിന്റെ

അവശിഷ്ടങ്ങൾ: മന്ത്രി കെ.മുരളീധരൻ

കത്തിന് പിന്നിൽ പഴയ സർക്കാരിന്റെ അവശിഷ്ടങ്ങളെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. തന്റെ വകുപ്പിൽ പ്രശ്നങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥരെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പഴയ സർക്കാരിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും പലസ്ഥലത്തുമുണ്ട്. അതൊക്കെ അറിഞ്ഞറിഞ്ഞ് നീക്കം ചെയ്യും. സിസ്റ്റത്തോട് സഹകരിക്കുന്നവരെ പൂർണമായും സംരക്ഷിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL