
മലയിൻകീഴ്: പൊട്ടിപ്പൊളിഞ്ഞ മലയിൻകീഴ് -ഊരൂട്ടമ്പലം റോഡിലൂടെ യാത്രക്കാർ വർഷങ്ങളായി ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. ഈ റോഡിലേറെയും കുഴികളാണ്.പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയും ടാറിളകി രൂപപ്പെട്ട കുഴികളുമുണ്ടിവിടെ.
മലയിൻകീഴ് മുതൽ ഊറ്റുപാറ വരെ റോഡിലാകെ കുഴികളാണ്. താലൂക്ക് ആശുപത്രി വരെയുള്ള റോഡിലും കുഴികൾ ഇല്ലാത്ത ഭാഗങ്ങളില്ല. കാൽനട യാത്രക്കാർ പോലും അപകടത്തിലാകുന്നത് പതിവെന്നാണ് നാട്ടുകാർ പറയുന്നത്.താലൂക്ക് ആശുപത്രിയിക്ക് മുന്നിലെ റോഡിൽ മാത്രമാണ്
കുഴികൾ ഇല്ലാത്തത്. വാഹന-കാൽനട യാത്രക്കാർ നന്നേ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്. കവലോട്ടുകോണം റോഡിന് സമീപത്തായി പൈപ്പ് പൊട്ടിയ ഭാഗത്തെ കുഴിയും ഇതുവരെ അടച്ചിട്ടില്ല.രണ്ട് വശത്ത് നിന്നും വാഹനങ്ങൾ വരുമ്പോൾ തിങ്ങിഞെരുങ്ങിയാണ് പോകുന്നത്.സമീപത്തെ പൈപ്പിനെടുത്ത കുഴിയുമായപ്പോൾ അപകടക്കെണിയായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിൽ നിറയെ കുഴികൾ
മലയിൻകീഴ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം പൈപ്പ് ചോർച്ചയുണ്ടായിരുന്നു.റോഡിന്റെ തകർച്ചയ്ക്ക് പുറമേ പൈപ്പിന്റെ കുഴിയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഊറ്റുകുഴി,എള്ളുവിള ഭാഗങ്ങളിലെ റോഡാകെ തകർന്ന് സഞ്ചായരയോഗ്യമല്ലാതായിട്ടുണ്ട്. റോഡിൽ കൂറ്റൻ പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയും റോഡിന്റെ തകർച്ചയുമാണ് ദുരിതയാത്രയ്ക്ക് കാരണം. പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി മണ്ണിട്ട് നികത്തിയിട്ടുമില്ല. എള്ളുവിള ഭാഗത്തെ റോഡിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.
വെള്ളക്കെട്ടും അപകടങ്ങളും
മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തുന്ന ആംബുലൻസുകളും റോഡിന്റെ തകർച്ചയിൽ ബുദ്ധിമുട്ടുകയാണ്. വളവുകൾ നിറഞ്ഞ മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിൽ റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ മഴപെയ്താലുടൻ വെള്ളക്കെട്ടുണ്ടാകും. വളവിൽ റോഡ് കുഴിച്ചിട്ടിരിക്കുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |