
നാഗർകോവിൽ: കുഴിത്തുറ താമ്രപർണി നദിയുടെ സമീപത്ത് മലയാളിയായ ശിവസേന നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. ചെങ്കവിള സ്വദേശിയും തമിഴ്നാട് ശിവസേന പാർട്ടിയുടെ കേരള അദ്ധ്യക്ഷനുമായ അതുൽ (32) കൊല്ലപ്പെട്ട സംഭവത്തിൽ ഉണ്ണാമലക്കട ആർ.സി സ്ട്രീറ്റ് സ്വദേശി നിതീഷ് (29),കരിങ്കൽ മാങ്കര സ്വദേശി ബെർലിൻ ജിയോ (27) എന്നിവരാണ് പിടിയിലായത്.
മാർത്താണ്ഡത്തെ കാർ ഷോറൂമിൽ ജോലി ചെയ്യുന്ന നാലാം പ്രതി നിതീഷിനെ മണവാളക്കുറിച്ചിയിൽ നിന്നും അഞ്ചാം പ്രതി ബെർലിൻ ജിയോയെ കരിങ്കൽ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. നിതീഷ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് ബെർലിൻ ജിയോയെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
ഒന്നാം പ്രതി അജിത്തിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനുശേഷം അതുലും സുഹൃത്തുക്കളും കുഴിത്തുറ,മാർത്താണ്ഡം എന്നിവിടങ്ങിളിലെ ബാറുകളിൽ പോയി മദ്യപിച്ചിരുന്നു. തിരികെ അജിത്തിന്റെ വീട്ടിലെത്തി വീണ്ടും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും നാലുപേരും ചേർന്ന് കത്തി,കമ്പി എന്നിവ കൊണ്ട് അതുലിന്റെ മുഖത്തിടിക്കുകയും കുത്തുകയും ചെയ്യുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം അതുലിന്റെ കാറിൽ മൃതദേഹം കുഴിത്തുറയ്ക്കടുത്ത് പാളയംക്കെട്ടിയിലെ താമ്രപർണി നദിയിലെറിഞ്ഞു. തുടർന്ന് അതുലിന്റെ കാറുമായി മലൈകോവിലിലെത്തിയ പ്രതികൾ കാറിന്റെ നമ്പർപ്ലേറ്റ് ഊരി മാറ്റുകയും കാറിൽ ഒട്ടിച്ചിരുന്ന ശിവസേന പാർട്ടിയുടെ സ്റ്റിക്കർ ഉരച്ച് കളയുകയും ചെയ്‌തശേഷം രക്ഷപ്പെടുകയുമായിരുന്നു.
മദ്യലഹരിയിലായതിനാൽ കൊലപാതകം എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നും മൃതദേഹം കണ്ടെത്തിയശേഷമാണ് ഒളിവിൽ പോയതെന്നും നിതീഷ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ക്രിമിനസ് കേസ് പ്രതിയായ അതുൽ ലഹരി ഉപയോഗിക്കുന്നയാളാണെന്നും പ്രതികളും അതുലും തമ്മിൽ കഞ്ചാവ് കച്ചവടമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാം പ്രതി അജിത്ത് പിടിയിലായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. അതുലിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാത്തതിനാൽ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |