
ചെറുതുരുത്തി: ചെറുതുരുത്തിയിൽ നൃത്ത അദ്ധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപമുള്ള ഹന്ന റസിഡൻസിയിലാണ് മലപ്പുറം ചേറൂർ തേനക്കാട്ടിൽ സോപാനം വീട്ടിൽ നാരായണന്റെ ഭാര്യ ധനലക്ഷ്മിയെ (56) മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം ചേനംകുളങ്ങാട്ടിൽ വീട്ടിൽ വിബീഷാണ് (41) കീഴടങ്ങിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെറുതുരുത്തിയിലെത്തിയ ഇവർ റൂമെടുത്ത് ഒന്നിച്ച് താമസിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെത്തി വിബീഷ് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് തേഞ്ഞിപ്പാലം പൊലീസ് ചെറുതുരുത്തി പൊലീസുമായി ബന്ധപ്പെട്ട് ഹന്ന റസിഡൻസിയിലെ 102ാം റൂം പരിശോധിച്ചപ്പോഴാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ രീതിയിൽ ധനലക്ഷ്മിയെ കണ്ടെത്തിയത്. ഏഴു വർഷത്തോളമായി ധനലക്ഷ്മിയുമായി സൗഹൃദത്തിലായിരുന്നുവെന്നും, വിവാഹം കഴിക്കാൻ നിർബന്ധിച്ചതിൽ പ്രകോപിതനായാണ് കൊലപ്പെടുത്തിയതെന്നുമാണ് വിബീഷ് പൊലീസിനോട് പറഞ്ഞത്.
കുന്നംകുളം എ.സി.പി മുരളീധരൻ സംഭവ സ്ഥലം സന്ദർശിച്ചു. തൃശൂർ ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ധരായ ജിനി, ഗീതു ജോസഫ്, ചെറുതുരുത്തി സി.ഐ രാജേന്ദ്രൻ നായർ, എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനകൾക്ക് ശേഷം മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അനാമിക, ഹിരൺ എന്നിവരാണ് ധനലക്ഷ്മിയുടെ മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |