
അധികൃതർക്ക് മിണ്ടാണ്ടമില്ല
മുടപുരം: ചിറയിൻകീഴ്,ആറ്റിങ്ങൽ മേഖലകളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ യാത്രക്കാർക്കും നാട്ടുകാർക്കും തലവേദനയാകുന്നു. അമിത വേഗതയിൽ വളവുതിരിഞ്ഞ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് 65 വയസുള്ള യാത്രക്കാരി മരിക്കുകയും പേരക്കുട്ടി രക്ഷപ്പെടുകയും ചെയ്ത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വിലകൽപ്പിക്കാതെയുള്ള മത്സരയോട്ടവും ജീവനക്കാരുടെ അശ്രദ്ധയും ചെറുതും വലുതുമായ നിരവധി അപകടങ്ങൾക്ക് കാരണമാകുകയാണ്. രാവിലെ 5.30മുതൽ രാത്രി 9വരെയാണ് ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. നൂറിലധികം ബസുകളുമുണ്ട്.
ഈ റോഡിൽ പുരവൂർ,ഇരട്ടക്കലുങ്ക് വീതികുറഞ്ഞ പാലങ്ങളാണ്.കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമാണ് ഇതുവഴി കടന്നുപോകാനാകുന്നത്.ഇതും അപകടത്തിന് കാരണമാകുന്നു.
ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഈ മേഖലയിലുണ്ടായത്. അപകടങ്ങൾ ഒഴിവാക്കാൻ പ്രധാന ജംഗ്ഷനുകളിൽ റോഡിന് വീതികൂട്ടി ട്രാഫിക്ക് വാർഡർമാരെ നിയോഗിക്കണമെന്നും എല്ലാ തെരുവ് വിളക്കുകളും പ്രകാശിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ചിറയിൻകീഴ് താലൂക്കിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പ്രദേശമാണ് ആറ്റിങ്ങൽ - ചിറയിൻകീഴ് റൂട്ട്.രണ്ടുമിനിറ്റിന് താഴെയാണ് ബസുകൾ തമ്മിലുള്ള സർവിസ് സമയം.
യാത്രക്കാരെ കുത്തിനിറയ്ക്കാനുള്ള ജീവനക്കാരുടെ ധൃതിയും ഓടിയെത്തേണ്ട സമയ വ്യത്യാസത്തിന്റെ കുറവും കാരണം കടുത്ത മത്സരമാണ് സ്വകാര്യബസുകൾ തമ്മിൽ നിരത്തിൽ സൃഷ്‌ടിക്കുന്നത്.
ആറ്റിങ്ങലിൽനിന്ന് 7കിലോമീറ്റർ ദൂരമാണ് ചിറയിൻകീഴിലേക്ക്.15 മുതൽ 20 മിനിറ്റുവരെയാണ് ഓടിയെത്തേണ്ട സമയം. ഇക്കാരണത്താൽ ജീവനക്കാർ തമ്മിലുള്ള മത്സരവും പതിവാണ്.
കൊടുംവളവുകൾ
7 കിലോമീറ്ററിനുള്ളിൽ 7 കൊടുംവളവുകളാണ് ആറ്റിങ്ങൽ - ചിറയിൻകീഴ് റോഡിലുള്ളത്. ചെറുവള്ളിമുക്ക്,പുരവൂർ,പുളിമുട് ഭാഗങ്ങളിലെ വളവുകൾ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. അതിനാൽ കൂടുതൽ അപകടങ്ങൾ നടക്കുന്നതും ഈ മേഖലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |