SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

പരിപാലനമില്ലാതെ നെയ്യാറ്റിൻകര ഡോ.ജി.ആർ സ്റ്റേഡിയം

6666

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ ഡോ.ജി.ആർ സ്റ്റേഡിയം തുടർ പരിപാലനമില്ലാതെ നശിക്കുന്നു. നെയ്യാറ്റിൻകര നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി സ്റ്റേഡിയം നിർമ്മാണത്തിനായി 3.21കോടി രൂപയാണ് വകയിരുത്തിയത്. സ്റ്റേഡിയത്തിനായി സജ്ജീകരിച്ചിട്ടുള്ള മിനി എയറോബിക് മെഷീൻ, വ്യായാമം ചെയ്യാനായി തയ്യാറാക്കിയിട്ടുള്ള മെഷീനുകൾ എന്നിവയൊക്കെ തുരുമ്പെടുത്ത് ജീർണാവസ്ഥയിലാണ്.

പുലർച്ചെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വ്യായാമത്തിനും നടക്കാനുമായെത്തുന്നത് ഇവിടെയാണ്. ഇന്റർലോക്ക് ചെയ്ത നടപ്പാത പകുതിയും പൊട്ടിപ്പൊളിഞ്ഞു. ചുറ്റും ചെടിപ്പടർപ്പുകൾ കയറി ഇഴജന്തുക്കളുടെ താവളമായി.

സ്റ്റേഡിയത്തിന് സമീപത്തുള്ള മരുത്തൂർ തോട്ടിലേക്ക് ടി.ബി ജംഗ്ഷനിലെ പൊതുമാർക്കറ്റിൽ നിന്നും മാലിന്യം ഒഴുകിയെത്തുന്നതായി പരാതിയുണ്ടെങ്കിലും പരിഹാരമായിട്ടില്ല. മാലിന്യം തോട്ടിലൂടെ കുത്തിയൊഴുകുന്നതിനാൽ ഇവിടെയെത്തുന്നവർ മൂക്കുപൊത്തേണ്ട സ്ഥിതിയാണ്.

ഓപ്പൺ ജിംനേഷ്യവും കേടായി

ലക്ഷങ്ങൾ മുടക്കി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള ഓപ്പൺ ജിംനേഷ്യവും കേടായി. സ്ഥിരമായുള്ള ഉപയോഗമുണ്ടായിരുന്നിട്ടും വാർഷിക അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ ഓപ്പൺ ജിംനേഷ്യവും കുട്ടികൾക്കായുള്ള പാർക്കും തകർന്ന നിലയിലാണ്. തുരുമ്പിച്ച ജിംനേഷ്യത്തിന്റെ ഭാഗങ്ങൾ പലയിടത്തും പ്ളാസ്റ്റിക് കവർ കൊണ്ട് അടച്ച നിലയിലാണ്.

അനാഥമായി ഓപ്പൺ സിനിമാ തിയേറ്റർ

എല്ലാ മാസവും അവസാന ശനിയാഴ്ച ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കാനായി പണികഴിപ്പിച്ച ജെ.സി ഡാനിയേൽ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയവും അനാഥമായ അവസ്ഥയിലാണ്. പ്രമുഖ ഗാന്ധിയനായ ഡോ.ജി.രാമചന്ദ്രന്റെ പേരിൽ പണി പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ നഗരസഭാ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി സ്പോർട്സ് പരിശീലനം നൽകാമെങ്കിലും അതിലേക്കായി പ്രത്യേക പദ്ധതികൾ ഇതുവരെ നടപ്പാക്കിയിട്ടില്ല.

സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുവാനെത്തുന്നവർക്ക് ശുദ്ധജലവിതരണം പ്രാപ്യമാക്കുമെന്ന് മുനിസിപ്പൽ അധികൃതർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടപ്പായില്ല.

പഴകി ദ്രവിച്ച സ്പോർട്സ് ആവശ്യങ്ങൾക്കുള്ള സാധനസാമഗ്രികൾ സ്റ്റേഡിയത്തിന് ഒരു വശത്തായി കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL