വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസമായി മേഖല കാട്ടാനകളുടെ പിടിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ പൊൻമുടി മൂന്നാം വളവിലിറങ്ങിയ ഒറ്റയാൻ മണിക്കൂറുകളോളം ഭീതി പരത്തി. ഒലട്ടി മരം റോഡിലേക്ക് പിഴുതിട്ടു. റോഡ് മുഴുവൻ വൃത്തിഹീനമാക്കി. ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെയാണ് ആനശല്യം രൂക്ഷമാകുന്നത്.
പൊൻമുടി വനമേഖലയിൽ നിലവിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. തീറ്റയും വെള്ളവും തേടിയാണ് കാട്ടാനകൾ പുറത്തിറങ്ങുന്നതെന്ന് വനപാലകർ പറയുന്നു. രാത്രിയിൽ പൊൻമുടി റോഡിൽ തമ്പടിക്കുന്ന കാട്ടാനകൾ പുലർച്ചെ ബസുകളെത്തി ഹോൺ മുഴക്കുമ്പോഴാണ് കാട്ടിനുള്ളിലേക്ക് പോകുന്നത്. അനവധി തവണ വൈദ്യുതി പോസ്റ്റുകൾ മറിച്ചിട്ടുണ്ട്. മാത്രമല്ല ടൂറിസ്റ്റുകളെ ആക്രമിക്കുവാൻ ശ്രമിച്ച സംഭവവുമുണ്ടായി.
വ്യാപക നാശനഷ്ടം
പൊൻമുടിക്ക് പുറമേ കല്ലാർ മേഖയിലും കാട്ടാന ശല്യം രൂക്ഷമാണ്. വനസംരക്ഷണസമിതിയുടെ ഓഫീസ് രണ്ട് തവണ തകർത്തു. മേഖലയിലെ കൃഷികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കാട്ടാനക്ക് പുറമേ കാട്ടുപോത്ത്, പന്നി, പുലി എന്നിവയുടെ ശല്യവുമുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിനുള്ളിൽ കയറുവാനും സാധിക്കുന്നില്ലെന്ന് ആദിവാസികൾ പറയുന്നു. വിനോദസഞ്ചാരികളുടെ പറുദീസയായ പൊൻമുടിയിൽ നിലവിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചുവരികയാണ്. വന്യമൃഗശല്യം ടൂറിസ്റ്റുകൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്.
കാട്ടാനശല്യമുള്ള മേഖലകൾ
കല്ലാർ, മൊട്ടമൂട്, ആറാനക്കുഴി, അല്ലത്താര, ചണ്ണനിരവട്ടം, ചാമക്കര, കൊമ്പ്രാംകല്ല്, മരുതാമല, ജഴ്സിഫാം, അടിപറമ്പ്, ചാത്തൻകോട്, മക്കി, തലത്തൂതക്കാവ്, മണലി, മണിതൂക്കി, പേപ്പാറ, പൊടിയക്കാല, കുട്ടപ്പാറ, മാങ്കാല, കല്ലൻകുട്ടി.
ടൂറിസ്റ്റുകൾ ജാഗ്രത
പൊൻമുടി, കല്ലാർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. പകൽസമയത്തുവരെ കാട്ടാനകൾ പൊൻമുടി കല്ലാർ റോഡിൽ ഇറങ്ങുന്നുണ്ട്. സഞ്ചാരികൾ വനത്തിനുള്ളിൽ കയറരുത്. പൊലീസിന്റെയും വനപാലകരുടെയും നിർദ്ദേശങ്ങൾ പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |