SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

മൃഗശാല മാറ്റാൻ ശ്രമിക്കുന്നത് പഠന റിപ്പോർട്ടുകളില്ലാതെ

 ഇവിടത്തേത് 'ലാർജ് കാറ്റഗറി' പദവി നേടിയ മൃഗശാല

തിരുവനന്തപുരം: വിദഗ്ദ്ധ പഠന റിപ്പോർട്ടിന്റെ പിൻബലമില്ലാതെയാണ് തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റാൻ സർക്കാർ നീക്കം നടത്തുന്നത്. നഗരത്തിന്റെ പച്ചത്തുരുത്തിൽ നേരത്തെ തന്നെ പലരും കണ്ണുവച്ചിട്ടുണ്ടായിരുന്നു. എന്നാൽ നിലവിലെ ആവാസ വ്യവസ്ഥ തകർത്ത് മൃഗശാല മാറ്റിയാൽ തിരിച്ചടിയാകുമെന്ന വിദഗ്ദ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മുൻ സർക്കാരുകൾ മൃഗശാല മാറ്റണമെന്ന ആവശ്യം പരിഗണിച്ചിരുന്നില്ല.

മൃഗശാല മാറ്റണമെന്ന ആവശ്യം സർക്കാർ തലത്തിൽ ഇപ്പോൾ ഉയരുമ്പോൾ ഇതുസംബന്ധിച്ച ദുരൂഹതകളും ഉയരുന്നുണ്ട്. മൃഗശാലയിൽ സ്ഥലപരിമിതിയുണ്ടെന്ന വാദം തന്നെ ശരിയല്ല. മൃഗശാലയുടെ മികച്ച പ്രവർത്തനവും വിസ്തൃതിയും കണക്കിലെടുത്ത് കേന്ദ്ര മൃഗശാല അതോറിട്ടി 'ലാർജ് കാറ്റഗറി' പദവി നൽകി അംഗീകരിച്ചിരുന്നു. 2019 ജൂൺ 10ലെ നിയമസഭാ രേഖകൾപ്രകാരം, കേന്ദ്ര മൃഗശാല അതോറിട്ടി അംഗീകരിച്ച മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കി കോടികളുടെ നവീകരണമാണ് മൃഗശാലയിൽ നടപ്പാക്കിയത്.

കാട്ടുപോത്തുകൾക്കായി വിശാലമായ പ്രകൃതിദത്ത സ്ഥലവും ജലപക്ഷികൾക്കായി അക്വേറിയവും നിർമ്മിച്ചു. കടുവ,സിംഹം,കുരങ്ങ്, കൃഷ്ണമൃഗം,മാൻ,അരയന്നങ്ങൾ,മുള്ളൻപന്നി,കാണ്ടാമൃഗം എന്നിവയുടെ കൂടുകളും കിടങ്ങുകളും നവീകരിച്ചു. ചുറ്റുമതിൽ പുനർനിർമ്മിച്ചു. ചിത്രശലഭ പാർക്കും സജ്ജമാക്കി. സന്ദർശകർക്കായി ബാറ്ററി കാറുകൾ,ഭിന്നശേഷിക്കാർക്ക് വീൽചെയറുകൾ,ഇ ടോയ്ലെറ്റുകൾ,ഫീഡിംഗ് റൂമുകൾ,ശീതീകരിച്ച കുടിവെള്ളസംവിധാനം എന്നിവയുമൊരുക്കി.

തൃശൂർ മൃഗശാലയിലെ സ്ഥലപരിമിതി (13ഏക്കർ) പരിഗണിച്ചാണ് വനംവകുപ്പിന്റെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ 35 ഏക്കറിലേറെ വിസ്തൃതിയുള്ള തിരുവനന്തപുരം മൃഗശാല മാറ്റേണ്ട ആവശ്യമില്ലെന്നായിരുന്നു മുൻ സർക്കാരുകളുടെ നിലപാട്. ഇപ്പോൾ മൃഗശാല മാറ്റുന്നതിനെതിരെ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സർക്കാർ തീരുമാനത്തിന് അനുകൂലമായ റിപ്പോർട്ട് സൃഷ്ടിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

നെയ്യാർ നൽകുന്ന പാഠം

നെയ്യാർഡാമിന്റെ പരിസരത്തേക്ക് മൃഗശാല മാറ്റാനാണ് സർക്കാരിന്റെ നീക്കം. നെയ്യാർഡാമിനടുത്ത് സിംഹങ്ങൾക്ക് മാത്രമായി ഒരു പാർക്ക് നേരത്തെ ആരംഭിച്ചിരുന്നു. അവിടെ ഇപ്പോൾ ഒരു സിംഹം പോലുമില്ല. എല്ലാം ചത്തുപോയി. 1984ൽ തൃശൂർ മൃഗശാലയിൽ നിന്നു കൊണ്ടുവന്ന സങ്കരയിനത്തിൽപ്പെട്ട ഒരാണും മൂന്നു പെൺസിംഹങ്ങളുമായി നെയ്യാർ വന്യജീവി സങ്കേതത്തിൽ 10 ഏക്കറിലാണ് ലയൺ സഫാരി പാർക്ക് ആരംഭിച്ചത്. കാട്ടിൽ സ്വതന്ത്രരായി വിഹരിക്കുന്ന സിംഹങ്ങളെ അടച്ചുപൂട്ടിയ ബസുകളിലിരുന്ന് കാണാമെന്നതായിരുന്നു പ്രത്യേകത. 1985 ജനുവരിയിൽ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത പാർക്ക് ആദ്യം പൂട്ടിപ്പോയി. 1992ൽ പുനരാരംഭിച്ചു. സിംഹങ്ങൾ പെരുകിയെന്ന കാരണം പറഞ്ഞ് പാർക്കിൽ ഉണ്ടായിരുന്ന മൂന്ന് ആൺ സിംഹങ്ങളെയും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. പിന്നാലെ സിംഹങ്ങൾ ഓരോന്നായി ചത്തൊടുങ്ങുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL