
ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ ഓഫീസ് വാർഡിലെ വണിഗർ തെരുവ് റോഡ് തകർന്നതിനെതിരെ വ്യാപാരികളും വാർഡ് നിവാസികളും പ്രതിഷേധവുമായി രംഗത്ത്. പുതിയ ഭരണസമിതി അധികാരത്തിലേറിയെങ്കിലും ഗ്രാമീണ റോഡുകളുടെ എസ്റ്റിമേറ്റ് നടപടികളൊന്നും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. തദ്ദേശ ഫണ്ട് വൈകുന്നതിനാൽ റോഡ് വികസനമുൾപ്പെടെ മന്ദഗതിയിലാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി റോഡ് പൂർണമായി തകർന്ന നിലയിലാണ്. റോഡിനു നടുവിൽ മെറ്റലിളകി കുണ്ടും കുഴിയും രൂപപ്പെട്ടതോടെ വഴിയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബാലരാമപുരം കാട്ടാക്കട റോഡിൽ നിന്നും സ്നേഹ, പാർവ്വതി, രേവതി ഹോസ്പിറ്റലുകളിലേക്ക് പോകുന്ന പ്രധാന റോഡാണ് പൂർണമായും തകർന്നത്.
റോഡ് നവീകരിക്കണം
കൊടിനട ജംഗ്ഷനിൽ പീക്ക് അവറുകളിൽ ഗതാഗതതിരക്ക് രൂപപ്പെടുമ്പോൾ വണിഗർ തെരുവ് ബൈറോഡ് വഴിയാണ് കാട്ടാക്കാട, നെയ്യാറ്റിൻകര ഭാഗത്തേക്ക് ഓട്ടോ,ടാക്സി, ടെമ്പോ, ടൂവീലർ എന്നിവ കടന്നുപോകുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി തുടരുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് റോഡ് നവീകരിക്കണമെന്നാണ് നാട്ടകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ബാലരാമപുരത്ത് ദേശീയപാതയിൽ ഗതാഗതത്തിരക്കേറുമ്പോൾ ഒട്ടുമിക്ക വാഹനങ്ങളും വണിഗർ തെരുവ് റോഡിനെയാണ് ആശ്രയിക്കുന്നത്.
വീതികുറഞ്ഞ റോഡിൽ അനധികൃത പാർക്കിംഗും
ബാലരാമപുരം കാട്ടാക്കട റോഡ് ജംഗ്ഷൻ മുതൽ വണിഗർ തെരുവ്, പഞ്ചായത്ത് ഓഫീസ് വരെ അഞ്ഞൂറ് മീറ്ററോളം റോഡ് പൂർണമായി തകർന്നിരിക്കുകയാണ്. താരതമ്യേന വീതികുറഞ്ഞ റോഡിൽ അനധികൃത പാർക്കിംഗും നാട്ടുകാർക്ക് തലവേദനയായിട്ടുണ്ട്. വണിഗർ തെരുവ് മുതൽ- സ്നേഹ ആശുപത്രി വരെ ബൈറോഡിന്റെ 200മീറ്ററോളം ഭാഗം കഴിഞ്ഞ ഭരണസമിതി ഇന്റെർലോക്ക് ചെയ്തിതിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |