SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

മാലിന്യം കുമിഞ്ഞുകൂടുന്നു,തെരുവുനായ് ശല്യം നിയന്ത്രണാതീതം

photo

പാലോട്: ആദിവാസി മേഖലകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ തെരുവുനായ് ശല്യവും മാലിന്യപ്രശ്നങ്ങളും ജനജീവിതത്തിന് ഭീഷണിയായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അധികാരികൾ. പഞ്ചായത്തുകൾ അര ലക്ഷം രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.

പരിശോധനകൾ കുറഞ്ഞതോടെ വീണ്ടും അറവ്,ഹോട്ടൽ മാലിന്യം തള്ളലും തുടങ്ങിയിട്ടുണ്ട്.

ജനവാസ മേഖലകൾ ചീഞ്ഞുനാറുന്നു

ജനവാസ മേഖലകളിൽ സ്ട്രീറ്റ് ലൈറ്റ് കത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിരവധി പ്രാവശ്യം മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിടുകയാണ് പതിവ്. യാതൊരു പരിശോധനയുമില്ലാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പ‌‌ഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.

ഷെൽട്ടർ പ്രഖ്യാപനം മാത്രമായി

നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കൂട്ടം ശല്യമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ,നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താക്ഷേത്രപരിസരം, ഓട്ടുപാലം,പച്ച,കാലൻകാവ്,പൊട്ടൻചിറ,വട്ടപ്പൻകാട്,ആലുംമ്മൂട് എന്നിവിടങ്ങളിലാണ് തെരുവുനായ് ശല്യമുള്ളത്.

രാത്രിയായാൽ നായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകുന്നതിനാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നത്.

ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കും.

ഒഴിഞ്ഞ പറമ്പുകൾ, പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് ഇവറ്റകളുടെ പ്രധാന താവളം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL