SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

കോർപ്പറേഷന്റെ വ്യാജരേഖ നിർമ്മിക്കൽ; പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: കോർപ്പറേഷൻ നേമം സോണൽ ഓഫീസിൽ കെട്ടിട സർട്ടിഫിക്കറ്റും റഗുലറൈസേഷൻ രസീതും വ്യാജമായി നിർമ്മിച്ച് തട്ടിപ്പുനടത്തിയ സംഭവത്തിൽ റിമാൻഡിലായ മണക്കാട് സ്വദേശി അഖിൽ രാജിനെ (33) ഇന്ന് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.

പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കരമന എസ്എച്ച്.ഒ അഭിജിത്ത് അപേക്ഷ നൽകിയിരുന്നു. വ്യാജരേഖ നിർമ്മിക്കാൻ ഉപയോഗിച്ച ഫോൺ പിടിച്ചെടുക്കാനും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാനുമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. സമാനമായി കൂടുതൽ വ്യാജരേഖകൾ ഇയാൾ നിർമ്മിച്ച് നൽകിയിട്ടുണ്ടോ എന്നത് ചോദ്യം ചെയ്യലിലൂടെ അറിയാനാണ് പൊലീസിന്റെ നീക്കം.

രാജാജി നഗർ സ്വദേശി ലെനിൻ എന്നയാളും പ്രതിപ്പട്ടികയിലുണ്ടെങ്കിലും ഇയാൾക്ക് വ്യാജരേഖ ചമയ്‌ക്കലുമായി ബന്ധമില്ലെന്ന് ഒന്നാം പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. എന്നാൽ ഇയാൾ തട്ടിപ്പിനിരയായ വ്യക്തിയിൽ നിന്ന് പണം കൈപ്പറ്റിയതായി വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇയാളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കം പരിശോധിച്ച് വ്യക്തത വരുത്താനാണ് പൊലീസിന്റെ ആലോചന.

കരമന സ്വദേശി അബ്ദുൾ റഹ്മാന്റെ പരാതിയിലാണ് അഖിൽ രാജിനെ കഴിഞ്ഞദിവസം പിടികൂടിയത്. കോർപ്പറേഷൻ ജീവനക്കാരൻ എന്ന വ്യാജേനയാണ് അഖിൽരാജ് വ്യാജരേഖ നൽകി ഗൂഗിൾപേ വഴി പലപ്പോഴായി പണം തട്ടിയത്. പരാതിക്കാരന്റെ മകന്റെ പേരിലുള്ള വീടിനാണ് ടി.സി നമ്പറും ബിൽഡിംഗ് സർട്ടിഫിക്കറ്റും ടാക്സ് സർട്ടിഫിക്കറ്റും ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ജൂലായ് 21 മുതൽ സെപ്തംബർ വരെ 1,92 ലക്ഷം രൂപ കൈപ്പറ്റിയത്.

വ്യാജരേഖകൾ കൈമാറിയതും കോർപ്പറേഷൻ നേമം സോണൽ ഓഫീസിനുമുന്നിൽ വച്ചാണ്. കെട്ടിട സർട്ടിഫിക്കറ്റിലും റഗുലറൈസേഷൻ രസീതിലും ഉപയോഗിച്ചിരിക്കുന്ന കെട്ടിട നമ്പർ 2024ൽ നൽകിയതാണെന്ന് റവന്യൂ ഇൻസ്പെക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊന്നുമംഗലം വാർഡിൽ പഴയ കാരയ്ക്കാമണ്ഡപത്ത് കെട്ടിടം നിർമ്മിച്ചതിൽ ചട്ടലംഘനമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ആവശ്യത്തിന് സെറ്റ് ബാക്ക് വിട്ടിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇത് ക്രമവത്കരിക്കാനാണ് ഉടമ ഇടനിലക്കാരനെ സമീപിച്ചത്. നേമം സോണലിലെ സൂപ്രണ്ടിന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കോർപ്പറേഷന്റെ വ്യാജരേഖകൾ പ്രതി തയ്യാറാക്കിയത് മൊബൈൽ ഫോൺ ഉപയോഗിച്ചാണെന്നും മുമ്പും പല തരം തട്ടിപ്പുകൾ പ്രതി നടത്തിയിട്ടുണ്ടെന്നും കരമന എസ്.എച്ച്.ഒ അഭിജിത്ത് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL