SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.59 AM IST

കനത്ത മഴ: നെൽക്കൃഷി ആശങ്കയുമായി കർഷകർ

mukkoo

തോടുവരമ്പ് തകരുമോ എന്ന് ഭയം

മുടപുരം: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ മുടപുരത്തെ നെൽക്കർഷകർ ആശങ്കയിൽ.മുക്കോണി തോട്ടിലൂടെയുണ്ടാകുന്ന രൂക്ഷമായ വെള്ളപ്പാച്ചിൽ,തോടുവരമ്പ് തകർത്ത് 'കൊല്ല' വീഴുമോ എന്ന ഭയപ്പാടിലാണ് കർഷകർ.
പലതവണ തോടുവരമ്പ് തകർന്ന് വെള്ളം വയലിൽ കയറി കൃഷി നശിച്ചിരുന്നു.കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അന്നൊക്കെ സംഭവിച്ചത്.അതിനാൽ തോട്ടിൽ സൈഡ് വാൾ നിർമ്മിക്കണമെന്ന് അധികൃതരോട് വർഷങ്ങളായി ആവശ്യപ്പെടുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

കാലപ്പഴക്കം മൂലം ബലക്ഷയമുണ്ടായതിനാലും,ശക്തമായ വെള്ളപ്പാച്ചിൽ മൂലവുമാണ് തോടുവരമ്പ് തകരുന്നത്.അതിനാൽ മുടപുരം പാലം മുതൽ തെങ്ങുംവിള പാലം വരെയുള്ള തോടിന്റെ ഇരു വരമ്പുകളും കോൺക്രീറ്റ് ചെയ്തോ സൈഡ് വാൾ നിർമിച്ചോ ബലപ്പെടുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.ഇതിനുപുറമെ തോട് വൃത്തിയാക്കാത്തതിനാൽ ചെറുമരങ്ങൾ,വള്ളിപ്പടർപ്പുകൾ,പായലുകൾ,മാലിന്യം എന്നിവ കുമിഞ്ഞുകൂടിയതിനാൽ തോട്ടിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.അതിനാൽ തോട് വൃത്തിയാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും,സൈഡ്‌വാൾ നിർമിക്കാൻ പഞ്ചായത്തുകളോ ഇറിഗേഷൻ വകുപ്പോ എം.എൽ.എ ഫണ്ടോ,എം.പി ഫണ്ടോ അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

തെങ്ങുംവിള,ചേമ്പുംമൂല നെൽപ്പാടങ്ങൾക്ക് നടുവിലൂടെയാണ് മുക്കോണി തോട് കടന്നുപോകുന്നത്

11 ഹെക്ടർ പാടത്ത് കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് തെങ്ങുംവിള പാടശേഖരത്തിലെ കർഷകർ. കൃഷിഭവനിൽ നിന്ന് സൗജന്യമായി ലഭിച്ച വിത്ത്, ഞാറ്റടിയിൽ പാകി നടാനുള്ള പാകത്തിലായിരിക്കുകയാണ്.ശക്തമായ മഴയിൽ ചില ഞാറ്റടികൾ വെള്ളത്തിനടിയിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പകലും രാത്രിയും ശക്തമായ മഴ പെയ്തതിനാൽ മുക്കോണി തോട്ടിലൂടെ വെള്ളം പൂർണമായും ഒഴുകിപ്പോകാത്തതിനാൽ,തോട് കരകവിഞ്ഞ് വയലിലേക്ക് ഒഴുകി.ഇതുമൂലം തോടുവരമ്പ് തകർന്ന നിലയിലാണ്.ഇനിയും ശക്തമായ മഴ പെയ്താൽ തോട്ടുവരമ്പ് തകർന്ന് " കൊല്ല " വീഴാൻ സാദ്ധ്യതയുണ്ട്.അങ്ങനെ സംഭവിച്ചാൽ കർഷകർക്ക് യഥാസമയം കൃഷിയിറക്കാൻ കഴിയാതെ വരും. ഞാറ്റടിയും നശിക്കും.

മുടപുരം തെങ്ങുംവിള നെൽപ്പാടത്ത് യഥാസമയം കൃഷിയിറക്കാനും കർഷകർക്ക് നഷ്ടം സംഭവിക്കാതിരിക്കാനും മുക്കോണി തോട് അടിയന്തരമായി വൃത്തിയാക്കണം.നെൽക്കൃഷി നശിക്കാതിരിക്കാൻ മുക്കോണി തോടുവരമ്പ് കോൺക്രീറ്റ് ചെയ്തോ സൈഡ് വാൾ നിർമ്മിച്ചോ ബലപ്പെടുത്തണം.

പി.കെ.ഉദയഭാനു (പ്രസിഡന്റ്),

ഡി.ബാബുരാജ് (സെക്രട്ടറി),

മുടപുരം തെങ്ങുംവിള പാടശേഖര സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL