
പായൽമൂടി നാശത്തിന്റെ വക്കിൽ
പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിലെ കള്ളക്കുളം നവീകരിക്കണമെന്നാവശ്യം ശക്തം. മൂന്ന് ഏക്കറോളം വിസ്തൃതിയിൽ ജലസമൃദ്ധമായിരുന്ന കുളമിന്ന് നവീകരണമില്ലാതെ നാശത്തിന്റെ വക്കിലാണ്. തിരുപുറം,പൂവാർ ഗ്രാമപഞ്ചായത്തുകളുടെ അഞ്ചോളം വാർഡുകൾ നേരിടുന്ന ജലപ്രതിസന്ധിക്ക് കാരണം കള്ളകുളം നവീകരിക്കാത്തതാണെന്ന് നാട്ടുകാർ പറയുന്നു.
മുൻകാലത്ത് കള്ളക്കുളത്തിൽ വെള്ളമെത്തിക്കുന്നതിന് രണ്ട് മാർഗങ്ങളാണുണ്ടായിരുന്നത്.നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കിഴക്കുമുറി ഭാഗത്ത് നിന്ന് പ്ലാന്തോട്ടം വഴി ഒഴുകിയെത്തുന്ന വെള്ളം, ചെറുതും വലുതുമായ രണ്ട് തൊട്ടിക്കുഴിയിൽ നിറഞ്ഞശേഷം കുളത്തിൽ എത്തിക്കുന്നതായിരുന്നു ഒന്ന്. റോഡ് വികസനത്തിന്റെ ഭാഗമായി വലിയ തൊട്ടിക്കുഴി മൂടിയതോടെ അതുവഴി വെള്ളം വരാതെയായി.
മറ്റൊന്ന് നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കുളത്തിൽ എത്തിക്കാൻ നടപ്പാക്കിയ ലിഫ്ട് ഇറിഗേഷൻ പദ്ധതിയായിരുന്നു. ഇതിനായി സ്ഥാപിച്ച പമ്പ് ഹൗസ്, കുഴിച്ചിട്ട പൈപ്പുകളും നശിക്കുകയാണ്. കുളത്തിന്റെ ബണ്ടിലൂടെ റോഡെത്തിയതോടെ ഇതിനായി നിർമ്മിച്ച ഓടയും മൂടിപ്പോയി. പമ്പ് ഹൗസിന്റെ ഇലക്ട്രിക് ബിൽ അടയ്ക്കാതെയായതോടെ ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതി വിച്ഛേദിച്ചതോടെ പ്രവർത്തനവും നിശ്ചലമായി. നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്തെത്തിക്കുന്ന ലിഫ്ട് ഇറിഗേഷൻ പദ്ധതിക്കായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട നവീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കുളം വൃത്തിയാക്കി ആവശ്യമായ പൈപ്പുകളും ഓടയും സ്ഥാപിക്കുന്നതിന് നല്ലൊരു തുക വേണ്ടിവരും. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കുളം നവീകരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
മുടുമ്പിൽ,സെട്രം ഏലാകളിലെ നെൽക്കർഷകരും മറ്റു കൃഷിക്കാരും കള്ളകുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തിയിരുന്നത്. ഇപ്പോൾ മുടുമ്പിൽ,സെട്രം ഏലാകളിലെ നെൽക്കൃഷി പൂർണമായും ഇല്ലാതായി.മുട്ടയാറിലേക്കുള്ള ഒഴുക്കും നിശ്ചലമായി
മഴക്കാലത്ത് ഓടകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യവും ചെളിയും നിറഞ്ഞ് കുളത്തിന്റെ ആഴം കുറഞ്ഞു.നീരുറവകളും നീർച്ചാലുകളും ഇല്ലാതായി
കാടുമൂടിയും മാലിന്യങ്ങൾ നിറഞ്ഞും കൈയേറ്റവും വ്യാപകമായതോടെ കുളം ഉപയോഗശൂന്യമായി.നീർച്ചാലുകൾ മണ്ണുമൂടിയും ഉറവകൾ പായൽ മൂടിയും വെള്ളം സംഭരിക്കാനാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശവാസികൾ കുളിക്കുന്നതിനും,അലക്കുന്നതിനും,കന്നുകാലികളെ കുളിപ്പിക്കുന്നതിനും കള്ളകുളമാണ് ആശ്രയിച്ചിരുന്നത്.
കള്ളകുളം നവീകരിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പുമായി സഹകരിച്ച് 1.75 കൂടി രൂപയുടെ പദ്ധതി നടപ്പാക്കും.ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറായി കഴിഞ്ഞു.
സാബു.എസ്.എൽ,പ്രസിഡന്റ്,
തിരുപുറം ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |