SignIn
Kerala Kaumudi Online
Saturday, 31 October 2026 4.50 AM IST

കൊടിനട-വഴിമുക്ക് വികസനം, കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി

general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ വികസനത്തിന്റെ മൂന്നാം റീച്ചായ കൊടിനട-വഴിമുക്ക് വികസനം ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ. സർക്കാർ മാറിയതോടെ പാതവികസനം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എം.എൽ.എയേയും വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിൽ എം.വിൻസെന്റ് എം.എൽ.എ ഹൈവേവികസനവുമായി ബന്ധപ്പെട്ട സബ്മിഷനിൽ മരാമത്ത് വകുപ്പ് മന്ത്രിയോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി കൊടിനട മുതൽ വഴിമുക്ക് വരെ ഒന്നരകിലോമീറ്റർ പാതവികസനം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും വഴിമുക്ക് മുതൽ ദേശീയപാത വികസനത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഡി.പി.ആ‍ർ നിർദ്ദേശം മുന്നോട്ട് വച്ചാലെ പ്രോജക്ട് ഡിവിഷന് നടപടിക്രമങ്ങളിലേക്ക് കടക്കാനാവുകയുള്ളൂവെന്നും എം.എൽ.എ നിയമസഭയിൽ അറിയിച്ചു. വേണ്ട നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

വികസനം ഒന്നരവർഷത്തിനുള്ളിൽ

102കോടി രൂപ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊടിനട-വഴിമുക്ക് വികസനത്തിനായി അനുവദിച്ചെങ്കിലും വികസനം അനിശ്ചിതമായി നീളുകയായിരുന്നു. എ.ബി.സി കാറ്റഗറിയിൽ 2013 മുതൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചെങ്കിലും നഷ്ടപരിഹാരം പൂർണമായും വിതരണം ചെയ്തിട്ടില്ലെന്നാണ് ഭൂവുടമകളുടെ പരാതി. കഴിഞ്ഞ ജനുവരി മുതൽ സെപ്തംബർ വരെ നഷ്ടപരിഹാരം പൂർണമായും വിതരണം ചെയ്തുവെന്നാണ് ഹൈവേ അധികൃതർ പറയുന്നത്.

2013മുതൽ ഭൂമിയേറ്റെടുക്കൽ നിയമമനുസരിച്ച് അധികനഷ്ടപരിഹാരത്തിന് അർഹമായവരുടെ അപേക്ഷ ആറ് മാസത്തിനുള്ളിൽ ജില്ലാ കോടതിയിലേക്ക് റഫറൻസ് ചെയ്യേണമെന്നാണെങ്കിലും ലാന്റ് അക്യൂസിഷൻ (പി.എം.ജി എൽ.എ ഓഫീസ്)​ അധികൃതരുടെ ഭാഗത്ത് നിന്നും നീക്കമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഭൂവുടമകൾ പറയുന്നത്.

നഷ്ടപരിഹാരം നൽകാനുണ്ട്

കോടതി മുഖാന്തിരം പത്തോളം പേർക്ക് ഇനിയും തുക കൈമാറാനുണ്ട്. തർക്കഭൂമിയിൽപ്പെട്ടവരുടെ നഷ്ടപരിഹാര അവാർഡ് തുക കോടതിയിൽ കൈമാറിയതോടെ മറ്റ് സാങ്കേതിക തടസ്സമില്ലാതെ പാതവികസനവുമായി സർക്കാരിന് മുന്നോട്ട് പോകാം. അവാർഡ് തുക ‌‌ഡെപ്പോസിറ്റ് ചെയ്ത് കേസ് നമ്പർ ആയി കോടതി വഴി തുക ഭൂവുടമകൾക്ക് ലഭിക്കാൻ ഒരു വർഷത്തോളം കാലയളവ് വേണ്ടിവരും. തർക്കഭൂമിയിൽ അല്ലാത്തവർക്കുള്ള നഷ്ടപരിഹാരം മുഴുവൻ ആയി വിതരണം ചെയ്തുവെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. ഒന്നരമാസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടികൾ പൂർത്തീകരിക്കും.

കഴിഞ്ഞ അഞ്ച് വർഷമായി കൊടിനട-വഴിമുക്ക് വികസനം അനിശ്ചിതത്വത്തിലാണ്. ബാലരാമപുരത്ത് ഗതാഗതക്കുരുക്ക് വീണ്ടും തലപൊക്കുകയാണ്. നഷ്ടപരിഹാരം എത്രയും വേഗം കൈമാറി പാതവികസനം പൂർത്തീകരിക്കണം

ബാലരാമപുരം അൽഫോൺസ്,​ ഫ്രാബ്സ് ജനറൽ സെക്രട്ടറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL