
പൂവാർ: തുടർച്ചയായി പെയ്ത മഴയിൽ തീരദേശത്തെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. കുളത്തൂർ,പൂവാർ,കരുംകുളം,കോട്ടുകാൽ തുടങ്ങിയ തീരദേശ ഗ്രാമപഞ്ചായത്തുകളിലെ ഇടറോഡുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. പല സ്ഥലങ്ങളിലെ വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്.
വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ സഹായത്താൽ മലിനജലം പമ്പ് ചെയ്ത് കടലിലേയ്ക്ക് ഒഴുക്കിവിടാറുണ്ട്. ജെ.സി.ബി ഉപയോഗിച്ച് ചാലുകീറിയും കടലിലേയ്ക്ക് ഒഴുക്കാറുണ്ട്.എന്നാൽ ഇതൊന്നും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല.
ഗോതമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞു
തീരത്തോട് ചേർന്ന ഗോതമ്പ് റോഡ് പരിതാപകരമായ അവസ്ഥയിലാണ്. ടാറ് മുഴുവൻ ഇളകിയും വൻ കുഴികൾ രൂപപ്പെട്ടും റോഡ് സഞ്ചാര യോഗ്യമല്ലാതെയായിട്ട് വർഷങ്ങളായി. മഴവെള്ളം ഒഴുകി പോകുന്നതിനാവശ്യയമായ ഓടകൾ ഒരിടത്തുമില്ല.റോഡ് റീടാർ ചെയ്യണമെന്നും ഓട നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. മലിനജലം ആഴ്ചകളോളം കെട്ടികിടക്കുന്നതിനാൽ പകർച്ചവ്യാധി ഭീതിയും നിലനിൽക്കുന്നു. രാത്രിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നവരും അതിരാവിലെ മത്സ്യ ബന്ധനത്തിനായി കടലിൽ പോകുന്നവരും മഴക്കാലത്ത് ഗോതമ്പ് റോഡ് ഉപയോഗിക്കാറില്ല. രാത്രിയിൽ ചെളിവെള്ളത്തിൽ വീണ് പരിക്കേൽക്കുന്നതും പതിവാണ്.
പൂവാർ ഗ്രാമപഞ്ചായത്തിലെ ടൗൺ,ബീച്ച്,വരവിളത്തോപ്പ്,എരിക്കകലുവിള തുടങ്ങിയ വാർഡുകളിലും, കരുംകുളം ഗ്രാമപഞ്ചായത്തിലെ പുല്ലുവിള,കല്ല്മുക്ക്,കൊച്ചുതുറ,പുതിയതുറ,പള്ളം,ഇരയിമ്മൻതുറ, ചെമ്പകരാമൻതുറ,കൊച്ചുപള്ളി തുടങ്ങിയ വാർഡുകളിലും കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അടിമലത്തുറ,ജൂബിലി നഗർ,അമ്പലത്തുമൂല തുടങ്ങിയ വാർഡുകളിലെ തകർന്ന റോഡുകളിലുൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |