
വിഴിഞ്ഞം: ഒരു മിസിംഗ് കേസായി അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തി അവസാനിപ്പിക്കേണ്ട, ഒരു പരാതിയായിരുന്നു 'ആഡ്ര സ്വദേശിയായ 19 കാരിയെ കാണാനില്ലെന്ന" പരാതിയും. എന്നാൽ, പരാതിയിൽ പന്തിക്കേട് തോന്നി കോവളം പൊലീസ് സ്റ്റേഷനിലെ വനിത എസ്.എച്ച്.ഒ എൽ. ഷീന (42), നടത്തിയ അന്വേഷണമാണ് സ്പായിലെ ക്രൂര പീഡനം പുറംലോകത്തെത്തിച്ചത്.
മകളെ കാണാതായി രണ്ടുദിവസം കഴിഞ്ഞാണ് യുവതിയും ഭർത്താവും പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. ഇതിൽ സംശയം തോന്നി പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോൺ വാങ്ങി പരിശോധിച്ചതോടെ സംശയം ബലപ്പെട്ടു. ഒരേ നമ്പരിൽ കുട്ടിക്ക് രണ്ട് ആധാർ. രണ്ടിലും ജനനതീയതി വ്യത്യാസം. തുടർന്ന് അന്വേഷണം അതിവേഗമായിരുന്നു.
കാട്ടാക്കടയിലെ പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ അമ്മയെ കണ്ടെത്തി. തുടർന്ന് യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പിന്നെ തെളിവ് ശേഖരണത്തിലേക്ക് നീങ്ങുകയായിരുന്നു.
കുട്ടി കേരളത്തിൽ എത്തും മുൻപ് പഠിച്ചിരുന്ന ആഡ്രയിലെ സ്കൂളിന്റെ ഫോൺ നമ്പർ, വെബ്സൈറ്റിൽ നിന്ന് കണ്ടെത്തി. അതിൽ വിളിച്ച് നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. എന്നാൽ ആ നമ്പരിലെ വാട്ട്സാപ്പിൽ ബന്ധപ്പെട്ട്, കുട്ടിയുടെ ആധാർ അയച്ച് നൽകി വയസ് സ്ഥിരീകരിച്ചു.
എന്നാൽ മറുപടി ലഭിക്കാനുള്ള രണ്ട് ദിവസത്തെ ഇടവേളയിൽ പെൺകുട്ടി സുഹൃത്തിനൊപ്പം പോയിരുന്നു. വയസ് സ്ഥിരീകരിച്ചതോടെ പെൺകുട്ടിയെ തിരികെയെത്തിച്ച് സഖിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെ അന്വേഷണം സ്പാ കേന്ദ്രീകരിച്ചതോടെ കുടുങ്ങിയത് സെക്സ് റാക്കറ്റിലെ കണ്ണികളുൾപ്പെടെയാണ്. ഇതിനിടെ എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം സംഘത്തിന് കൈമാറി.
എൽ.ഷീനയ്ക്ക് ഇപ്പോൾ കോവളം സ്റ്റേഷനിലെ കൃത്യനിർവഹണത്തിലാണ് ശ്രദ്ധ. പെൺകുട്ടിയുടെ അതേ പ്രായത്തിലുള്ള ഒരു മകനുണ്ട് ഷീനയ്ക്ക്. താൻ കാരണം ഒരു കുഞ്ഞ് രക്ഷപ്പെട്ട സന്തോഷത്തിലാണ് ഷീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |