
കാട്ടാക്കട: പനയംകോട് വാർഡിൽ കട്ടയ്ക്കോട് പുളിമൂട്ടുകോണം കിഴക്കുംകര വീട്ടിൽ വേലുക്കുട്ടിയും കിടപ്പുരോഗിയായ ഭാര്യ റോസ്ലിയും മകൻ ബിനുവും ഇപ്പോൾ പെരുവഴിയിലാണ്. കഴിഞ്ഞ 25ന് വൈകിട്ട് 3ഓടെ പെയ്ത ശക്തമായ മഴയിൽ വീടിന് പിന്നിലെ 10അടിയിലേറെ ഉയരമേറിയ ഭാഗത്തുനിന്ന് ഒരു കുറ്റൻപാറ ഇവരുടെ വീടിന് മുന്നിലെ കിണറിന് മുകളിൽ പതിച്ചിരുന്നു.കിണർ പൂർണമായി തകർന്നു.വീടിന് പിന്നിൽ ഇതേഭാഗത്ത് ഇനിയും ഒരു വലിയ പാറ ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിൽ മണ്ണിൽ നിന്നിളകി നിൽക്കുന്നുണ്ട്. സംഭവദിവസം വിവരമറിഞ്ഞെത്തിയ കാട്ടാക്കട തഹസിൽദാറും പഞ്ചായത്ത് അധികൃതരും കുടുംബത്തെ മണലിക്കടുത്ത് മേച്ചിറയിൽ ഒരു വീട്ടിലേക്ക് മാറ്റിപാർപ്പിച്ചു.പിറ്റേന്നുതന്നെ പാറ ഇളക്കിമാറ്റി ഇവരെ സ്വന്തം വീട്ടിൽ തിരിച്ചെത്തിക്കാമെന്ന് ഉറപ്പും നൽകി.എന്നാൽ പഞ്ചായത്തോ,താലൂക്ക് അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വേലുക്കുട്ടി പറയുന്നു.
വേലുക്കുട്ടിയുടെ മകൾ റീനയുടെ വീട്ടിലേക്കുള്ള നടവഴിയും തകർന്നിട്ടുണ്ട്. രണ്ട് വീട്ടുകാരും കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറാണ് തകർന്നത്. കിണറിന് മുകളിൽ കിടക്കുന്ന പാറ നീക്കിത്തന്നാൽ തങ്ങൾക്ക് സ്വന്തം വീട്ടിലേക്ക് താമസം മാറ്റാൻ കഴിയുമെന്ന് വേലുക്കുട്ടി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |