
കാട്ടാക്കട: വെള്ളനാട് പഞ്ചായത്തിലെ പുതുമംഗലം വാർഡിൽ റോഡരികിൽ മാലിന്യം തള്ളിയ സംഭവത്തിൽ കർശന നടപടിയുമായി പഞ്ചായത്ത്. 15ലധികം ചാക്കുകളിലായി തള്ളിയ മാലിന്യങ്ങൾ വെള്ളനാട് പഞ്ചായത്തധികൃതർ കുറ്റക്കാരനെക്കൊണ്ട് തന്നെ തിരികെയെടുപ്പിച്ച് 5000 രൂപ പിഴയും ചുമത്തി. വെള്ളിയാഴ്ച രാത്രിയാണ് ആക്ക ഏലായിലെ റോഡരികിൽ ചാക്കുകളിൽ നിറച്ച മാലിന്യങ്ങൾ ഉപേക്ഷിച്ചത്. വാർഡ് മെമ്പർ ഉഷയും പരിസരവാസികളും നടത്തിയ പരിശോധനയിൽ മുണ്ടേലയിലെ സ്വകാര്യവ്യക്തിയുടെ വീട്ടിൽനിന്നുള്ള മാലിന്യങ്ങളാണെന്ന് കണ്ടെത്തി. തുടർന്ന് വിവരം പഞ്ചായത്തിനെ അറിയിച്ചു. പഞ്ചായത്തിലെ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ മുണ്ടേലയിലെ വീട്ടിൽനിന്ന് മാലിന്യങ്ങൾ ശേഖരിച്ച വെള്ളനാട് ജംഗ്ഷനിലെ ആക്രിവ്യാപാരിയാണ് ഇവ റോഡരികിൽ തള്ളിയതെന്ന് കണ്ടെത്തി. തുടർന്ന് വ്യാപാരിയെ സ്ഥലത്തെത്തിച്ച് 5000രൂപ പിഴയീടാക്കി, പ്രദേശത്ത് കൊണ്ടിട്ട മുഴുവൻ മാലിന്യങ്ങളും തിരികെ എടുപ്പിക്കുകയായിരുന്നു. പഞ്ചായത്ത് പരിധിയിലെ റോഡരികിലും തോടുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം പതിവാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടികളും പിഴയും ചുമത്തുമെന്ന് ഭരണസമിതി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |