SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

വീണ്ടും സജീവമായി റബർ വിപണി

കല്ലറ: വിലതകർച്ചയെ തുടർന്ന് ഉപേക്ഷിച്ചതും വിറ്റഴിച്ചതുമായ റബർ ഉത്പാദന സംവിധാനങ്ങളെല്ലാം റബറിന് വില കൂടിയതോടെ വീണ്ടും സജീവമായി. ഷീറ്റ് റബറിന്റെ വില 300 രൂപ കടന്നതോടെ റബർ റോളറുകൾക്കും പുകപ്പുരകൾക്കും ആവശ്യക്കാരേറി. കാടുകയറിയ തോട്ടങ്ങൾ തെളിച്ച് വീണ്ടും ടാപ്പിംഗിന് സജ്ജമാക്കി.

പഴയ റോളറുകൾ തിരികെ വാങ്ങാനും പുതിയ പുകപ്പുരകൾ നിർമ്മിക്കാനും കർഷകർ അന്വേഷണം ആരംഭിച്ചു. വിലയിടിവിനെത്തുടർന്ന് ടാപ്പിംഗ് നിറുത്തിയ നിരവധി കർഷകർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും അല്ലാതെയും റോളറുകൾ വിറ്റഴിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിലെ റബർ കർഷകർ,കരിമ്പിൻ ജ്യൂസ് വില്പനക്കാർ എന്നിവരാണ് റോളറുകൾ വാങ്ങി പോയിരുന്നത്.

പുകപ്പുരകൾ ഉയരുന്നു

പുകപ്പുരകളുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ്. വലിയ പുകപ്പുരകളുണ്ടായിരുന്ന പലരും വിലയിടിവിനെത്തുടർന്ന് അവ പൊളിച്ചുനീക്കിയിരുന്നു. ചെറിയ പുകപ്പുരകളാകട്ടെ പരിപാലനമില്ലാതെ നശിച്ചു. നിലവിൽ പുകപ്പുരകൾ സജ്ജമാക്കുകയാണ് കർഷകർ.

കർഷകർക്ക് നേട്ടമാകും

റബർവിലയിലെ മുന്നേറ്റം തുടരുകയാണെങ്കിൽ ഷീറ്റ് ഉത്പാദനം വർദ്ധിപ്പിക്കുന്നത് കർഷകർക്ക് കൂടുതൽ നേട്ടമാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. പ്രത്യേകിച്ച് ഇടത്തരം കർഷകർക്ക് വലിയ ചെലവില്ലാതെ ചെറിയ പുകപ്പുരകൾ നിർമിച്ച് ഉത്പാദനം പുനരാരംഭിക്കാനാകും.

ഷീറ്റിനും ഡിമാന്റ്

ഇടവിട്ടുള്ള മഴയും ആവശ്യത്തിന് വെയിലും കിട്ടാത്തതിനാൽ ഷീറ്റ് ഉത്പാദനം പലരും നിറുത്തി. പകരം,​ ബാരലിൽ ലാറ്റക്സായാണ് മിക്ക വർഷകരും പാൽ നൽകുന്നത്. ഇതോടെ ഷീറ്റ് ഉത്പാദനം കുറഞ്ഞു. ഇതോടെ റബർ ഷീറ്റ് കൊണ്ട് നിർമ്മിക്കേണ്ട ടയർ നിർമ്മാണ മേഖല,​ ചെരുപ്പുകളുടെ സോൾ നിർമ്മാണം എന്നിവയുടെയെല്ലാം ഉത്പന്നങ്ങളെല്ലാം പ്രതിസന്ധിയിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL