ഉടൻ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ്
കല്ലമ്പലം: ഉച്ചാരണം ശരിയാകാത്തതിനെ തുടർന്ന് കുട്ടികളെ ഈർക്കിൽ കൊണ്ട് നാക്ക് വടിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ എ.ഇ.ഒ ഉത്തരവിട്ടു.
തേവലക്കാട് എസ്.എൻ യു.പി സ്‌കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ എസ്.എസ്.ആകർഷിനെയാണ് രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 26ന് സസ്‌പെൻഡ് ചെയ്തത്. എന്നാൽ ബാലാവകാശ കമ്മിഷനും പൊലീസും അന്വേഷിക്കുന്ന സംഭവത്തിൽ അദ്ധ്യാപകന് ജോലിയിൽ പ്രവേശിക്കാൻ ഉടൻ സാധിക്കില്ലെന്നും നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.
6എ,6ഇ ക്ലാസുകളിൽ രണ്ട് വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് പരാതി. പഠനത്തിനിടെ ഉച്ചരാണ ശുദ്ധിയിൽ പിഴവ് വന്ന കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. ദളിത് വിദ്യാർത്ഥിയോടും മറ്റും നടത്തിയ ക്രൂരമായ പെരുമാറ്റത്തിൽ സസ്‌പെൻഷനടക്കം ശക്തമായ നടപടിയാണ് സ്‌കൂൾ മാനേജ്മെന്റ് സ്വീകരിച്ചത്.
വിഷയം വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. സംഭവം മറ്റു കുട്ടികളിലും വലിയ തോതിൽ മാനസിക ആഘാതം സൃഷ്ടിച്ചിരുന്നു. സ്‌കൂളിന്റെ സത്‌പേരിന് അദ്ധ്യാപകന്റെ നടപടി കളങ്കം വരുത്തിയെന്നും ഇത്തരം അദ്ധ്യാപകർ സ്ഥാപനത്തിന് അപമാനമാണെന്നും സ്‌കൂൾ മാനേജർ തോട്ടയ്ക്കാട് ശശി കേരളകൗമുദിയോട് പറഞ്ഞു.
അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ധ്യാപകൻ
എന്നാൽ പഠനത്തിന്റെ ഭാഗമായി പഴയ കാലത്ത് ഈർക്കിൽ കൊണ്ട് നാക്ക് വടിച്ചിരുന്ന സംഗതികളും മറ്റും കുട്ടികൾക്ക് പറഞ്ഞു കൊടുത്തതാണെന്നും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സസ്‌പെൻഷനിലായ അദ്ധ്യാപകൻ ആകർഷ് പറഞ്ഞു. താനറിയാതെ സ്‌കൂളിന് പുറത്ത് കുട്ടികൾ സ്വമേധയാ ഈർക്കിൽ കൊണ്ട് നാക്ക് വടിക്കാൻ ശ്രമിച്ചതാണ്. സ്‌കൂളിലെ ചില ആഭ്യന്തര പ്രശ്‌നങ്ങൾ മൂലം രണ്ടുമാസം മുമ്പ് നടന്ന സംഭവത്തിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്നും ആകർഷ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |