
നെയ്യാറ്റിൻകര: ജില്ലയിലെ പ്രസിദ്ധമായ വെൺപകൽ ചിറക്കുളത്തിന്റെ നവീകരണം നിലച്ചിട്ട് വർഷങ്ങളാകുന്നു. കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതി പ്രകാരം ഏറ്റവും നല്ല കുളത്തിനുള്ള അവാർഡ് വാങ്ങിയ കുളത്തിനാണ് ഇന്നീ ഗതികേട്. 4ഏക്കർ 76സെന്റിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭീമൻ കുളം വെൺപകൽ, ശാസ്താന്തല,കൊടങ്ങാവിള,അരങ്ങൽ പ്രദേശത്തെ ജനങ്ങളുടെ ആശ്രയമായിരുന്നു. ഈ പ്രദേശത്തെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലേക്ക് ജലം ഒഴുകിയെത്തുന്നത് ഈ കുളത്തിൽ നിന്നുമാണ്.
2006ലാണ് കുളം സൈഡ് വാൾ കെട്ടി സംരക്ഷിച്ചത്. നാട്ടുകാർ കുളിക്കാനും വസ്ത്രം കഴുകാനും കൃഷി ആവശ്യത്തിനും ആശ്രയിച്ചിരുന്നത് ഈ കുളത്തിനെയാണ്.
മിഷൻ അമൃത് സരോവർ പദ്ധതി
രാജ്യത്തെ ജലക്ഷാമം പരിഹരിക്കുന്നതിനും ജലസംരക്ഷണത്തിനുമായി കേന്ദ്ര സർക്കാർ 2022 ഏപ്രിൽ 24ന് ആവിഷ്കരിച്ച് നടപ്പാക്കിയ മിഷൻ അമൃത് സരോവർ പദ്ധതിയിലുൾപ്പെടുത്തി ചിറക്കുളവും അവാർഡിനായി പരിഗണിക്കപ്പെട്ടിരുന്നു. 2023ൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കർ ചിറയിൽ കുളം സംരക്ഷിക്കുന്നതിനായി മിഷൻ അമൃത് സരോവർ അവാർഡ് നൽകിയിരുന്നു. തുടർന്ന് കുളം നന്നാക്കുവാനായി ആറായിരം തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ചു നൽകിയതാണ്.
അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അരങ്ങൽ വാർഡിലുൾപ്പെടുന്ന ഈ കുളം വീണ്ടും നവീകരിക്കുവാനായി പുതിയ പദ്ധതിയുടെ പ്ളാൻ തയ്യാറാക്കി മൈനർ ഇറിഗേഷൻ വകുപ്പിന് കൈമാറി. ഗ്രാമപഞ്ചായത്തിൽ ആകെയുള്ള ചെറുതും വലുതുമായ 32കുളങ്ങളിൽ 27കുളങ്ങൾ നവീകരിക്കുന്നതിനായുള്ള 25 കോടി രൂപയുടെ നബാർഡിന്റെ പദ്ധതിയാണ് നടപ്പാക്കുവാൻ പോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |