പക്ഷേ, ജലാശയങ്ങളിൽ വെള്ളമില്ല
തൃശൂർ: കാത്തിരിപ്പിനൊടുവിൽ ജില്ലയിൽ മഴപെയ്തത് ജനങ്ങൾക്ക് താത്കാലിക ആശ്വാസമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും പെയ്ത മഴ ചൂടിന് ശമനമുണ്ടാക്കിയെങ്കിലും പ്രധാന ജലസ്രോതസുകളിലെ ജലനിരപ്പിൽ കാര്യമായ
മാറ്റമുണ്ടാക്കിയില്ലെന്നത് ആശങ്കയുണ്ടാക്കുന്നു.
മലയോര മേഖലകളിൽ പെയ്യുന്ന മഴ വെള്ളച്ചാട്ടങ്ങളെയും തോടുകളെയും സജീവമാക്കിയിട്ടുണ്ടെങ്കിലും ഉൾനാടൻ ജലാശയങ്ങളും ചിറകളും ഇപ്പോഴും വറ്റിയ നിലയിൽ തന്നെയാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ കടുത്ത വരൾച്ച കാരണം ഭൂമി അമിതമായി ഉണങ്ങിക്കിടന്നതിനാൽ പെയ്യുന്ന വെള്ളം ഭൂരിഭാഗവും മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയാണ് ചെയ്യുന്നത്. റൺ ഒഫ് എന്ന് ശാസ്ത്രീയമായി വിളിക്കുന്ന ഉപരിതല ഒഴുക്ക് ശക്തമാകാത്തതാണ് ജലാശയങ്ങളിൽ വെള്ളമെത്താത്തതിന് പ്രധാന കാരണമെന്ന് കാലാവസ്ഥാ പഠന കേന്ദ്രങ്ങൾ പറയുന്നു. ഇപ്പോഴത്തെ മഴ കിണറുകളിലെ ജലനിരപ്പ് ഉയരാൻ സഹായിക്കുമെന്നത് ആശ്വാസകരമാണ്. എങ്കിലും കാർഷിക മേഖലയ്ക്കും വരാനിരിക്കുന്ന മാസങ്ങളിലെ കുടിവെള്ള വിതരണത്തിനും ഡാമുകളിലെ ജലസംഭരണം അനിവാര്യമാണ്. വരും ദിവസങ്ങളിൽ ക്യാച്ച്മെന്റ് ഏരിയകളിൽ കനത്ത മഴ പെയ്താൽ മാത്രമേ ഡാമുകളിലേക്ക് ആവശ്യത്തിന് വെള്ളം എത്തുകയുള്ളൂ. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കർക്കടകപ്പെയ്ത്തിൽ ജലാശയങ്ങൾ നിറയുമെന്ന പ്രതീക്ഷയിലാണ് കർഷകരും ജനങ്ങളും.
നീരൊഴുക്ക് നേരിയ തോതിൽ
മഴ പെയ്തിട്ടും പ്രധാന ഡാമുകളിലോ പുഴകളിലോ നീരൊഴുക്ക് വർദ്ധിച്ചിട്ടില്ല. സാധാരണ ജൂൺ, ജൂലായ് മാസങ്ങളിൽ നിറഞ്ഞുകവിയേണ്ട പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിൽ ഇപ്പോഴും ജലനിരപ്പ് പകുതി പോലും എത്തിയിട്ടില്ലെന്നാണ് ജലസേചന വകുപ്പ് വ്യക്തമാക്കുന്നത്. ഭാരതപ്പുഴ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ എന്നിവടങ്ങളിലെ നീരൊഴുക്ക് നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും മണൽത്തിട്ടകൾ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |