SignIn
Kerala Kaumudi Online
Sunday, 19 July 2026 4.47 AM IST

സുരേഷ് ഗോപിയുടെ അമൃത് ഭാരത് പദ്ധതി പ്രഖ്യാപനം; പുതുക്കാട് സ്‌റ്റേഷൻ വികസന ട്രാക്കിലേക്ക്

railway-station

പുതുക്കാട് : അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തോടെ പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ വികസനത്തിന് വഴിതെളിഞ്ഞു. സുരേഷ് ഗോപിക്ക് പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷനും ബി.ജെ.പി പുതുക്കാട് മണ്ഡലം കമ്മിറ്റിയും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കൂടുതൽ മേൽക്കൂരകൾ, ഇരിപ്പിടങ്ങൾ, പാർക്കിംഗ് ഏരിയ വിപുലീകരണം, ഫൂട്ട് ഓവർ ബ്രിഡ്ജ് അടക്കമുള്ള സൗകര്യങ്ങൾ അമൃത് ഭാരത് പദ്ധതി പ്രകാരം സ്‌റ്റേഷനിൽ ഏർപ്പെടുത്തും.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് എൺപതു ലക്ഷം ആണ് സ്‌റ്റേഷന്റെ വാർഷിക വരുമാനം. ആറുലക്ഷത്തി മുപ്പതിനായിരം പേരാണ് സ്‌റ്റേഷനെ കഴിഞ്ഞ വർഷത്തിൽ ആശ്രയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ എകദേശം ഒരു ലക്ഷം യാത്രക്കാരാണ് കൂടിയത്.
പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകൾക്ക് പുറമെ ഇരിങ്ങാലക്കുട, ചേർപ്പ് , കരുവന്നൂർ മേഖലകളും പുതുക്കാട് സ്‌റ്റേഷനെ ആശ്രയിക്കുന്നുണ്ട്. നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്നതിനാൽ എല്ലാ സമയത്തും സ്‌റ്റേഷനിൽ യാത്രക്കാർ സജീവമാണ്. സ്‌റ്റേഷനിൽ നിലവിൽ ബാഗ്ലൂർ-കന്യാകുമാരി, പരശുറാം, ആലപ്പുഴ-കണ്ണൂർ , ഗുരുവായൂർ-മധുര , നിലമ്പൂർ-കോട്ടയം അടക്കം മൊത്തം 17 ട്രയിനുകൾക്കാണ് ഇരുദിശകളിലേക്കും ഇവിടെ സ്‌റ്റോപ്പുള്ളത്.

ഇനി വേണ്ടത് കൂടുതൽ ട്രയിനുകൾക്ക് സ്‌റ്റോപ്പ്
ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, ഷൊർണ്ണൂർ-തിരുവനന്തപുരം വേണാട് , കന്യാകുമാരി-പുനെ, ഗുരൂവായൂർ-ചെന്നെ എഗ്മൂർ, പാലരുവി എക്‌സ്പ്രസ് ട്രെയിനുകൾക്ക് കൂടി പുതുക്കാട് സ്‌റ്റോപ്പ് പരിഗണിച്ചാൽ ടിക്കറ്റ് ഇനത്തിൽ ഒരു കോടിക്ക് മുകളിൽ വരുമാനം നേടി എൻ.എസ്.ജി 6 ൽ നിന്ന് അഞ്ചിലേക്ക് സ്‌റ്റേഷന് സ്ഥാനകയറ്റം ലഭിക്കും.

മൂന്നാം ട്രാക്കിൽ വഴിമുട്ടിയ റെയിൽവേ മേൽപ്പാലം
റെയിൽവേ പച്ചക്കൊടി കാട്ടുകയും സംസ്ഥാന സർക്കാർ ബഡ്ജറ്റ് വിഹിതമായി പണം അനുവദിക്കുകയും ചെയ്ത റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം നീണ്ടു പോകുന്നത് സ്‌റ്റേഷൻ വികസനത്തെയും ബാധിക്കുകയാണ്. മേൽപ്പാലത്തിന് ആവശ്യമായ ഭൂമി പൊന്നുംവില നൽകി എറ്റെടുത്തിട്ട് വർഷങ്ങളായി. കൊച്ചിൻ-ഷൊർണ്ണൂർ മൂന്നാം ട്രാക്ക് നിർമ്മിക്കാനുള്ള റെയിൽവേയുടെ തയാറെടുപ്പുകൾ ആരംഭിച്ചതോടെയാണ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം നീണ്ടു പോകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL