
തൃശൂർ: ഓണവിപണിയിലെ സൂപ്പർസ്റ്റാർ പട്ടം ഇന്നും ചെങ്ങാലിക്കോടന് തന്നെ. ഓണം അടുത്തെത്തിയതോടെ ചെങ്ങാലിക്കോടന് ആവശ്യക്കാരേറി. ഇതോടെ വിലയും കുതിച്ചു. രണ്ടാഴ്ച്ച മുമ്പ് 80രൂപയ്ക്ക് വിറ്റിരുന്ന ചെങ്ങാലിക്കോടന് ഇപ്പോൾ കിലോയ്ക്ക് 110 രൂപയാണ്. എന്നാൽ കാഴ്ചക്കുലയ്ക്ക് 120 ആണ്. ഉത്രാടമാകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഭൗമ സൂചിക പദവി ലഭിച്ചിട്ടുള്ള ചെങ്ങാലിക്കോടൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് മുള്ളൂർക്കര, എരുമപ്പെട്ടി പഞ്ചായത്തുകളിലാണ് പ്രധാന കൃഷി. ഉരുണ്ടതും ഏണുകളില്ലാത്തതുമായ കായകളാണുണ്ടാവുക.
മൂപ്പെത്തുന്നതോടെ ചുവപ്പെത്തുന്ന തവിട്ട് കലർന്ന കറകൾ കായകളിൽ പ്രത്യക്ഷപ്പെടുന്നതും ചെങ്ങലിക്കോടന്റെ പ്രത്യേകതയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച്ച കുലയ്ക്കും ചെങ്ങാലിക്കോടനാണ്. സ്വർണ മുഖിക്ക് 90രൂപയും നെടനേന്ത്രന് 70മുതൽ 80വരെയാണ് വില. എരുമപ്പെട്ടി, പട്ടിക്കാട്, ചെമ്പൂത്ര, മുള്ളൂർ, വരവൂർ, വടക്കാഞ്ചേരി, മുള്ളൂർക്കര, മുതുവറ, മനക്കൊടി എന്നിവിടങ്ങളിൽ ചെങ്ങാലിക്കോടൻ ചന്തകൾ ഏറെയാണ്.
ഓണത്തിന് വിളവെടുപ്പ്
കന്നിയിലാണ് കന്ന് നടുക. ജൈവവളം മാത്രമാണ് പ്രയോഗം. ഓണത്തിന് വിളവെടുക്കും. സ്വർണനിറമുള്ള കായ മൂപ്പെത്തുന്നതോടെ ചുവന്ന കര പ്രത്യക്ഷപ്പെടും. ഭംഗിയും വലിപ്പവുമേറിയവ കാഴ്ചക്കുലകളാകും. കഴിഞ്ഞ സീസണിൽ 5000രൂപ വരെ നേടിയ കാഴ്ചക്കുലകളുണ്ട്. ഒരു കാലത്ത് 'ചങ്ങഴിക്കോടൻ നമ്പ്യാന്മാരെ'ന്നറിയപ്പെട്ടിരുന്ന മുള്ളൂർക്കര പ്രദേശത്തെ പ്രഭുക്കളുടെ ആധിപത്യത്തിലിരുന്ന പ്രദേശങ്ങളിലാണ് ചെങ്ങാലിക്കോടൻ ഇന്നും വിളയുന്നത്. അന്ന് ചങ്ങഴിക്കോടൻ എന്നറിയപ്പെട്ടിരുന്ന ഇനമാണ് ഇന്നത്തെ ചെങ്ങാലിക്കോടൻ. പണ്ട് പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് മുറജപത്തിന് ഈ കാഴ്ചക്കുല കൊണ്ടുപോയിരുന്നു.
ഓണം അടുക്കുന്നതോടെ വില ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. 20 കിലോ തൂക്കമുള്ള ചെങ്ങാലിക്കോടൻ വിപണിയിലുണ്ട് (ബിജുകല്ലുവേലി, 25 വർഷമായി ചെങ്ങാലിക്കോടൻ കച്ചവടം നടത്തുന്നയാൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |