
വടക്കഞ്ചേരി: കാടിന്റെ പച്ചപ്പിനും ഡാമിന്റെ നീലിമയയ്ക്കുമൊപ്പം ഇനി പൂമല ഡാമിൽ കയാക്കിങ്ങിന്റെ ആവേശവും. പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം സഞ്ചാരികൾക്ക് ഉല്ലാസവും സമ്മാനിക്കുകയാണ് കയാക്കിംഗിലൂടെയുള്ള ലക്ഷ്യം.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പുതിയ വിനോദസഞ്ചാര പ്രവർത്തനങ്ങൾ. ആദ്യഘട്ടമായി കഴിഞ്ഞ 2025ജൂലായ് 5ന് പെഡൽ ബോട്ടിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് കയാക്കിങ്ങും എത്തിയത്. ഫൈബർ വഞ്ചികൾ, സോളാർ ബോട്ടുകൾ, കുട്ട വഞ്ചികൾ തുടങ്ങിയവയും സഞ്ചാരികൾക്കായി ഒരുക്കും. ഡാമിനോട് ചേർന്ന് കമ്മ്യൂണിറ്റി ഹാൾ, ഇക്കോ ഹട്ടുകൾ, കിയോസ്‌ക്, ഇക്കോ സൈക്കിൾ പാത, പാർക്കിംഗ് ഏരിയ, കുട്ടികളുടെ കളിയുപകരണങ്ങൾ, ബോട്ട് ജെട്ടി, റെസ്റ്റോറന്റ് ഏരിയ തുടങ്ങിയവയും ഒരുങ്ങുന്നതോടെ പൂമല കൂടുതൽ ആകർഷകമാകും.
ചെക്ക്ഡാമിൽ നിന്ന് ടൂറിസത്തിലേക്ക്
തൃശൂർ നഗരത്തിൽനിന്ന് ഏകദേശം 12കിലോമീറ്റർ അകലെയുള്ള പൂമല ഡാം ആദ്യം കൃഷി ആവശ്യത്തിനായി നിർമ്മിച്ച ചെക്ക്ഡാമായിരുന്നു. പിന്നീട് ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ വിനോദസഞ്ചാര കേന്ദ്രമായി. പണ്ട് മുനിമാർ തപസ്സിരുന്നതായി പറയപ്പെടുന്ന മുനിയറകളും ഇവിടെയുണ്ട്. 2010 മാർച്ച് 21ന് അന്നത്തെ മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പൂമലയെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചത്. കയാക്കിംഗിന്റെ ഉദ്ഘാടനം കില ഫെസിലിറ്റേറ്ററും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ.ബിജു വർഗീസ് നിർവഹിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെസി സാജൻ അദ്ധ്യക്ഷയായി. സിബി തോമസ്, പ്രീമ ഫ്രാൻസീസ്, എ.ആർ.ചന്ദ്രൻ, ബൈജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |