വടക്കാഞ്ചേരി : 39.20 കിലോമീറ്റർ നീളമുള്ള വാഴാനി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ ശൃംഖലയായ ഇടതുകര കനാൽ മാലിന്യം നിറഞ്ഞ് കാട്ടുപൊന്തയ്ക്കുള്ളിൽ. മുണ്ടകൻ കൃഷിയിലേക്ക് ഏക്കർ കണക്കിന് പാടശേഖരങ്ങൾ വഴിമാറുമ്പോൾ ശുചീകരണത്തിന് ഫണ്ടില്ലാതെ ഇറിഗേഷൻ വകുപ്പ് നട്ടം തിരിയുകയാണ്. തലപ്പിള്ളി, കുന്നംകുളം, തൃശൂർ താലൂക്കുകളിലെ ഏകദേശം 2113 ഹെക്ടർ കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കുന്നത് ഈ കനാലിലൂടെയാണ്. കുറാഞ്ചേരി, പാർളിക്കാട് , മുണ്ടൂർ ബ്രാഞ്ച് കനാലുകൾ ശുചീകരിക്കേണ്ട ബാദ്ധ്യത കൂടി വകുപ്പിനുണ്ട്. ഇതടക്കം 61.4 കിലോമീറ്റർ ദൂരമുണ്ട് കനാലിന്. 26.5 ലക്ഷം രൂപ പ്രധാന കനാൽ ശുചീകരണത്തിന് മാത്രം ചിലവ് വരും. വാഴാനി ഇറിഗേഷൻ പ്രോജക്ടിന് ആകെ അനുവദിച്ചിട്ടുള്ള ഫണ്ട് 40 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 10 ലക്ഷം രൂപ കുറവാണിത്. വാഴാനി ടൂറിസം കേന്ദ്രത്തിൽ നിന്ന് ഇറിഗേഷൻ വകുപ്പിന് ചില്ലിക്കാശ് വരുമാനമില്ല. കിട്ടുന്നതെല്ലാം ടൂറിസം, വനം വകുപ്പുകൾ പങ്കിട്ടെടുക്കുന്നു. ഈ മാസം 22 മുതൽ 4 ഘട്ടമായി 41 ദിവസം കൃഷിയാവശ്യത്തിനായി വെള്ളം തുറന്ന് വിടാനാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലെ ധാരണ. ശുചീകരണ പ്രവർത്തനങ്ങൾ ഇത് വരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വെള്ളം തുറന്ന് വിടലും ആശങ്കയിലാണ്. കഴിഞ്ഞ വർഷം 26 മുതലാണ് ആദ്യഘട്ടം ഡാം തുറന്നത്.
ബ്രാഞ്ച് കനാലുകൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചീകരിക്കണം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി ഈ പ്രവൃത്തി ഏറ്റെടുക്കണം. 22.2 കിലോമീറ്റർ ദൂരമുണ്ട് ബ്രാഞ്ച് കനാലുകൾക്ക്. ഈ പ്രവൃത്തി തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ ശുചീകരണം മുടങ്ങുന്ന അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |