
തൃശൂർ: തോമസ് ഉണ്ണിയാടൻ വിഷയത്തിൽ കേരള കോൺഗ്രസിലുണ്ടായ പടലപിണക്കം യു.ഡി.എഫിനുള്ളിലും അപസ്വരങ്ങൾക്ക് വഴിവെക്കുന്നു. തോമസ് ഉണ്ണിയാടൻ എം.എൽ.എയ്ക്ക് സൗഹൃദ കൂട്ടായ്മ നൽകിയ സ്വീകരണച്ചടങ്ങിൽ എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപനും കോൺഗ്രസ് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിൽ ജോസഫ് വിഭാഗം ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ടി.എൻ. പ്രതാപൻ, മക്കൾക്ക് പദവി നൽകുകയല്ല വേണ്ടതെന്ന് പി.ജെ. ജോസഫിനെ ഉന്നംവച്ച് പറഞ്ഞതും ഉണ്ണിയാടന്റെ നല്ലകാലം വരുമെന്ന് ഉൾപ്പെടെ പ്രസംഗിച്ചതുമാണ് കേരള കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പ്രതാപൻ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെയാണ് വിഷയം യു.ഡി.എഫിനുള്ളിലും കല്ലുകടിയായത്. കേരള കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ ഉത്തരവാദിത്വം പ്രതാപൻ ഏറ്റെടുക്കേണ്ടെന്നും ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ഇതര പാർട്ടി നേതാക്കളുടെ പിതൃത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്ന പ്രതാപൻ അതുവഴി സ്വന്തം പിതൃത്വത്തെ തള്ളിപ്പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രതാപൻ മാപ്പുപറഞ്ഞില്ലെങ്കിൽ മുന്നണിക്കുള്ളിൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കുര്യാക്കോസ് പറഞ്ഞു. അതേസമയം, പ്രതാപന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും രാഷ്ട്രീയാഭിപ്രായമല്ലെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മാപ്പ് പറയും, പ്രശ്‌നം തീർക്കും: പ്രതാപൻ
പരിപാടിയിൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഉണ്ണിയാടനുമായുള്ള ബന്ധത്തിന്റെ പേരിലാണ് അത്തരത്തിൽ പ്രതികരിച്ചതെന്നും എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപൻ കേരളകൗമുദിയോട് പറഞ്ഞു. ജില്ലയ്ക്ക് ഒരു കാബിനറ്റ് റാങ്ക് കൂടി ലഭിക്കണമെന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹമെന്നും അതുമായി ബന്ധപ്പെട്ടാണ് അത്തരമൊരു പ്രതികരണം നടത്തിയത്. തന്റെ പ്രസ്താവനകൾ കേരള കോൺഗ്രസ് പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ പരസ്യമായി മാപ്പുപറയുമെന്നും പ്രതാപൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |