
വടക്കാഞ്ചേരി: ഹൃദയമിടിപ്പ് ഇനി സമയമനുസരിച്ചാകില്ല. കേരളപ്പിറവി ദിനം മുതൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ പദ്ധതികളുടെ സമർപ്പണവും പുതിയ സേവനങ്ങങക്ക് തുടക്കവും സി.എസ്.ആർ പദ്ധതികളുടെ സ്വീകരണവും ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചതാണ് ഇക്കാര്യം. മരുന്നുക്ഷാമത്തിന് ഈ മാസം തന്നെ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മരുന്ന് കമ്പനികൾക്ക് സർക്കാർ ആശുപത്രികൾ നൽകാനുള്ള കുടിശിക 900 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ പൂർത്തിയാകുന്നതോടെ തൃശൂർ മെഡിക്കൽ കോളേജിൽ കൂടുതൽ കിടത്തിചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി ഒ.ജെ.ജനീഷും പറഞ്ഞു.
ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയായി. മുസ്‌കാൻ ദേശീയ ബഹുമതി ലഭിച്ച പീഡിയാട്രിക് വിഭാഗം, ദേശീയ ബഹുമതി ലഭിച്ച ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം എന്നിവയെ മന്ത്രി ഒ.ജെ. ജനീഷ് അഭിനന്ദിച്ചു. വിവിധ സി.എസ്.ആർ.പദ്ധതികൾ കളക്ടർ ശിഖ സുരേന്ദ്രൻ സ്വീകരിച്ചു. ഡോ: കെ.വി. വിശ്വനാഥൻ, ഡോ കെ.കെ. അനിൽ രാജ്, ടി.എസ്. പട്ടാഭിരാമൻ, മേയർ ഡോ: നിജി ജസ്റ്റിൻ തുടങ്ങി നിരവധി പേർ സംസാരിച്ചു.
രോഗികൾക്ക് ആശ്വാസം
1. ആരോഗ്യ വകുപ്പിന്റെ പരസ്യങ്ങൾ വെട്ടിക്കുറച്ച് ജനകീയ ക്ഷേമ പദ്ധതികൾ നടപ്പാക്കും. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിന് അഞ്ച് ഡയാലിസിസ് മെഷീനുകൾ നൽകും.
2. സർക്കാർ ആശുപത്രികളെ രോഗീസൗഹൃദ കേന്ദ്രങ്ങളാക്കും. 1960 മുതലുള്ള കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേൺ പൊളിച്ചെഴുതും. സ്വകാര്യ മേഖലയ്‌ക്കൊപ്പം സർക്കാർ ആരോഗ്യ രംഗവും മുന്നേറുകയാണ് ലക്ഷ്യം.
3. പാവപ്പെട്ടവർ കൂടുതലായി ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകളെ ആധുനിക സൗകര്യങ്ങളുടെ കേന്ദ്രങ്ങളാക്കും
സമർപ്പിച്ചത് കോടികളുടെ പദ്ധതികൾ
1983ൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിതാവ് കെ. കരുണാകരനോടൊപ്പം നിയമവിദ്യാർത്ഥിയായിരുന്ന താനും എത്തിയിരുന്നു. ഇന്ന് അതേ മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രിയെന്ന നിലയിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.
ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് ദീർഘകാല പരിഹാരം കാണണം. തിരിച്ചറിയാൻ കഴിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനും കൂട്ടായ പരിശ്രമം ആവശ്യമാണ്.
മന്ത്രി ഒ.ജെ. ജനീഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |