തൃശൂർ: ലഹരിക്കെതിരെ താക്കീതുമായി തൃശൂർ തെരുവിലിറങ്ങി. മേളവും നൃത്തവും മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ അണിനിരന്ന തുഫാൻ ജാഗരൺ സന്ദേശയാത്ര നഗരത്തിൽ ലഹരിവിരുദ്ധ പ്രതിരോധത്തിന്റെ കരുത്തായി. ശിങ്കാരിമേളവും കാവടിയും നൃത്തവും ദഫ്മുട്ടും ബാൻഡ് വാദ്യവുമൊക്കെയായി സന്ദേശയാത്ര തെക്കേ ഗോപുരനടയിൽ നിന്നാരംഭിച്ചു. സിറ്റി പൊലീസിന്റെയും റൂറൽ പൊലീസിന്റെയും ആഭിമുഖ്യത്തിൽ നടന്ന 'ഓപ്പറേഷൻ തുഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായുള്ള 'തൂഫാൻ ജാഗരൺ' സന്ദേശയാത്രയിൽ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ്. യൂണിറ്റുകൾ, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ, ലയൺസ് ക്ലബ്ബ്, റോട്ടറി, പൊലീസ്, വ്യാപാരികൾ തുടങ്ങി ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. ഫ്‌ളാഷ് മോബുകളും ശ്രദ്ധേയമായി. തുഫാന്റെ ആശയത്തിന്റെ ശിൽപിയും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല ബലൂൺ പറത്തി യാത്രയ്ക്ക് തുടക്കമിട്ടു. തുടർന്ന് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. മന്ത്രി ഒ.ജെ. ജനീഷ്, രാജൻ പല്ലൻ എം.എൽ.എ., മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ്, റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് മുഹമ്മദ് നദീം, ഫാ. ഡേവീസ് ചിറമ്മൽ എന്നിവർ പങ്കെടുത്തു.സമാപന സമ്മേളനം നടന്ന പാറമേക്കാവ് ക്ഷേത്രം ഹാൾ വരെയും മന്ത്രിമാരടക്കമുള്ളവർ യാത്രയിൽ അണിനിരന്നു. തുഫാൻ ആരംഭിച്ച് 114 ദിവസങ്ങൾ പിന്നിടുമ്പോൾ സ്‌കൂളുകൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തുഫാന്റെ സന്ദേശം എത്തിക്കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി വ്യാപനം 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായ 'തുഫാൻ തദ്ദേശം 28ന് മലപ്പുറം വേങ്ങരയിൽ തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
'തുഫാൻ ഐ' നടപ്പിലാക്കും
തൃശൂർ: സ്‌കൂളുകൾക്ക് ചുറ്റുമുള്ള ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി 'തുഫാൻ ഐ' എന്ന സി.സി.ടി.വി. അധിഷ്ഠിത നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ കണ്ണികൾ സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ കറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനും ഇല്ലാതാക്കാനുമാണ് 'തുഫാൻ ഐ' നടപ്പിലാക്കുന്നത്. മിഠായിയുടെ രൂപത്തിൽ കുട്ടികൾക്ക് ലഹരി നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഹരിമാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഈ ലക്ഷ്യത്തിനായി സമൂഹത്തിന്റെ എല്ലാ തുറകളിൽനിന്നും പൂർണമായ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
3,500 'തുഫാൻ വാരിയേഴ്‌സ്'
ആഭ്യന്തരമന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകുന്നതിനായി തെരഞ്ഞെടുത്ത 3,500 എൻ.എസ്.എസ്. വാളണ്ടിയർമാരെ 'തൂഫാൻ വാരിയേഴ്‌സ്' ആയി പ്രഖ്യാപിച്ച മന്ത്രി, ബാഡ്ജുകൾ വിതരണം ചെയ്തു. 'ഇസാഫ് ബാലജ്യോതി കാവൽ തൂഫാൻ 2026' ഇംപാക്ട് റിപ്പോർട്ടിന്റെ പ്രകാശനവും പരിപാടിയിൽ നിർവഹിച്ചു. സമാപന സമ്മേളനത്തിൽ മന്ത്രി ഒ.ജെ. ജനീഷ് അദ്ധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എം.എൽ.എ., മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, തൃശൂർ റേഞ്ച് ഡി.ഐ.ജി. ടി. നാരായണൻ, എൻ.എസ്.എസ്. റീജ്യണൽ ഡയറക്ടർ വി.എം. ഉപ്പിൻ, എൻ.എസ്.എസ്. സ്റ്റേറ്റ് ഓഫീസർ ഡോ. വി. മനു, ഇസാഫ് കോ-ഫൗണ്ടർ മെറീന പോൾ, കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രതിനിധി ഫാ. ഡേവിഡ് ചിറമ്മേൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് സ്വാഗതവും റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |