
തൃശൂർ: കേരളത്തിലെ എല്ലാ വൈദ്യശാസ്ത്ര വിഭാഗങ്ങൾക്കും തുല്യപരിഗണന ഉറപ്പാക്കുമെന്നും ആരോഗ്യരംഗം ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യവിഭാഗങ്ങളെയും സംയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ, 25ഓളം ആയുർവേദ സംഘടനകളുടേയും ആയുഷ് സർക്കാർ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ മന്ത്രിക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വൈദ്യശാസ്ത്ര വിഭാഗത്തിലെ വ്യക്തി മറ്റൊരു വൈദ്യശാസ്ത്ര വിഭാഗത്തെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്താൽ കർശന നടപടിയെടുക്കും. ആയുർവേദത്തെ ടൂറിസത്തിന്റെ പരിധിയിലേക്ക് മാത്രം ചുരുക്കരുത്. വിദ്യാഭ്യാസം, ചികിത്സ, ഗവേഷണം, ഔഷധ നിർമ്മാണം എന്നീ മേഖലകളിൽ സമഗ്ര വികസനം ഉറപ്പാക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ആയുഷ് രംഗം മെച്ചപ്പെടുത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കും. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കുന്ന വിഷയം മുഖ്യപരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടക്കൽ ആയുർവേദശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം.വാര്യർ അദ്ധ്യക്ഷനായി. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ഗോപകുമാർ, ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ ഡോ. പി.ആർ.ഇന്ദുകല, ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. ജയ വി.ദേവ് എന്നിവർ സംസാരിച്ചു. എ.എം.എം.ഒ.ഐ ജനറൽ സെക്രട്ടറി ഡോ. ഡി.രാമനാഥൻ സ്വാഗതവും എസ്.ലാൽകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |