
തൃശൂർ: കയ്പമംഗലത്ത് നിറുത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് എട്ട് എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ മരണത്തിനുശേഷം റോഡ് സുരക്ഷാ വിദഗ്ദ്ധർ പരിശോധിച്ച് കണ്ടെത്തിയ വീഴ്ചകൾക്ക് പരിഹാരം കാണുംമുൻപേ ദേശീയപാതാ 66ൽ ടോൾ പിരിവ്. സെപ്തംബർ നാലിന് അപകടത്തിനിടയാക്കിയ വീഴ്ചകൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇപ്പോഴും ഒന്നും നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ദേശീയപാത അതോറിട്ടിയുടെയും നിർമ്മാണ കരാർ കമ്പനിയുടെയും ഗുരുതര വീഴ്ചകളാണ് അന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 24മണിക്കൂറും റൂട്ട് പട്രോളിംഗ് സംവിധാനം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും ഇപ്പോഴും ഫലപ്രദമല്ല. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ കാറിന് തീപിടിച്ചപ്പോൾ രക്ഷാപ്രവർത്തനം വൈകിയിരുന്നു. ഹൈഇന്റൻസിറ്റി ഗ്രേഡ് റിഫ്‌ളക്ടറുകൾക്ക് പകരം വിലകുറഞ്ഞ ഓർഡിനറി സ്റ്റിക്കറുകളാണ് ബാരിക്കേഡുകളിലുള്ളതെന്നും വേഗം കുറയ്ക്കാൻ അപകടമേഖലയ്ക്ക് മുൻപ് നൽകേണ്ട അലർട്ട് സ്ട്രിപ്പുകളോ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലൊന്നും യാതൊരു നടപടികളും കരാർ കമ്പനിയോ എൻ.എച്ച്.എയോ എടുത്തിട്ടില്ലെന്നാണ് ആക്ഷേപം.
പരിഭവപ്പാത
ദേശീയപാത 66ൽ സ്ട്രീറ്റ് ലൈറ്റുകളോ വലിയ കവലകളിൽ സ്ഥാപിക്കേണ്ട ഹൈമാക്‌സ് ലൈറ്റുകളോ ഇപ്പോഴുമില്ല. പലയിടത്തും പരസ്യ ഏജൻസികൾക്കായി മേൽപ്പാലങ്ങളിൽ മാത്രമാണ് ലൈറ്റുകളുള്ളത്. 24 മണിക്കൂർ റൂട്ട് പട്രോളിംഗ്, സൗജന്യ ആംബുലൻസ്, റിക്കവറി ക്രെയിൻ എന്നീ സൗകര്യങ്ങൾ കൃത്യമല്ല.
സർവീസ് റോഡുകളിൽ വേഗപരിധി വ്യക്തമാക്കുന്ന ബോർഡുകളോ, പ്രോപ്പർ ബസ് സ്റ്റോപ്പുകളോ, കാൽനടയാത്രക്കാർക്കുള്ള സുരക്ഷിത നടപ്പാതകളോ പൂർത്തിയാക്കിയിട്ടില്ല. സുരക്ഷാ ഓഡിറ്റുകൾ നടത്തിയിട്ടില്ല.
ടോൾകൊള്ള അനുവദിക്കില്ല
സർവീസ് റോഡുകൾ, സിഗ്‌നൽ ലൈറ്റുകൾ, തെരുവുവിളക്കുകൾ, സൈൻ ബോർഡുകൾ എന്നിവയൊന്നും പൂർത്തിയാക്കാതെ ഒരു കാരണവശാലും ടോൾ പിരിക്കാൻ അനുവദിക്കില്ല. റോഡിന്റെ ഉപരിതലം ശാസ്ത്രീയമായ രീതിയിലല്ല നിർമ്മിച്ചിരിക്കുന്നത്. ജനപ്രതിനിധികളുമായോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായോ യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി ടോൾ പിരിക്കാനാണ് അധികൃതരുടെ ശ്രമം.
പണി പൂർണമായി തീർത്ത്, അപാകതകൾ പരിഹരിച്ച് ജനങ്ങൾക്ക് ബോദ്ധ്യമായ ശേഷമേ ടോൾ പിരിവ് ആരംഭിക്കാവൂ. ഇതിനെതിരെ നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
- ടി.എൻ.പ്രതാപൻ, എ.ഐ.സി.സി സെക്രട്ടറി
നിയമലംഘനത്തിനെതിരെ ബഹുജനപ്രക്ഷോഭം
75 ശതമാനം നിർമ്മാണം പൂർത്തിയായ ശേഷമേ ടോൾ പിരിവ് ആരംഭിക്കാവൂ എന്ന് നിയമമുള്ളപ്പോൾ, 70 ശതമാനം പണികൾ മാത്രം പൂർത്തിയായിടത്ത് ടോൾ പിരിക്കുന്നത് നിയമലംഘനമാണ്. ഒരുമനയൂർ, ചാവക്കാട്, ചേറ്റുവ, കൊടുങ്ങല്ലൂർ, മൂന്നുപീടിക തുടങ്ങിയ മേഖലകളിൽ പലയിടത്തും സർവീസ് റോഡുകളുടെയും സൈഡ് റോഡുകളുടെയും പണികൾ ഇനിയും പൂർത്തിയായിട്ടില്ല. അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവ സജ്ജീകരിച്ചിട്ടില്ല.
ചേറ്റുവ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. വാടാനപ്പള്ളിയിലെ അണ്ടർപാസ് നിർമ്മാണം പൂർത്തിയാകാത്തതിനെ തുടർന്ന് രണ്ട് റോഡുകളായാണ് നിലവിൽ കിടക്കുന്നത്. എടമുട്ടത്ത് അനുവദിച്ച അണ്ടർപാസിന്റെ പണികൾ ആരംഭിച്ചിട്ടേയുള്ളൂ.ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ടോൾ പിരിക്കാൻ അനുവദിക്കില്ല.
- എം.എ.ഹാരിസ് ബാബു, സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി
പ്രതിഷേധ മാർച്ച് ഇന്ന്
ടോൾ പിരിവിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് തൃപ്രയാർ സെന്ററിൽ നിന്ന് ബഹുജന മാർച്ച് ആരംഭിക്കും. സമരം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.
വൻതുക ചെലവഴിച്ച് കേന്ദ്രം നിർമ്മിച്ച ദേശീയപാതകളിൽ ടോൾ പിരിക്കേണ്ടത് ആവശ്യമാണെങ്കിലും, നിലവിൽ പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് അംഗീകരിക്കാനാകില്ല. ചേറ്റുവ പാലം, എടമുട്ടം, വാടാനപ്പിള്ളി, കൊടുങ്ങല്ലൂർ, പെരിഞ്ഞനം കൊറ്റങ്കളം പാലം എന്നിവിടങ്ങളിലെല്ലാം പണികൾ അപൂർണമാണ്. ഡൈവേർഷനുകളും അപകടങ്ങളും നിറഞ്ഞ ഈ അവസ്ഥയിൽ ജനങ്ങളിൽ നിന്ന് വലിയ തുക ടോൾ പിരിക്കുന്നതിനോട് യോജിക്കാനാവില്ല.
- ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ബി.ഡി.ജെ.എസ്.സംസ്ഥാന കമ്മിറ്റി അംഗം
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനെതിരെ ഈ മാസം എട്ടിന് ആദ്യഘട്ട സമരം സംഘടിപ്പിക്കും. പൊതുജനങ്ങളെയും മറ്റ് സംഘടനകളെയും അണിനിരത്തി ശക്തമായ ബഹുജന പ്രക്ഷോഭമാക്കി മാറ്റാനാണ് തീരുമാനം.
- കെ.ജി.ശിവാനന്ദൻ, സി.പി.ഐ ജില്ലാ സെക്രട്ടറി
ടോൾനിരക്ക്
ഇനം............................................ഒറ്റയാത്രയ്ക്ക്......................... അതേദിവസത്തെ മടക്കയാത്രയ്ക്ക് ഉൾപ്പെടെ
എൽ.എം.വി (കാർ, ജീപ്പ്, വാൻ)--------------120.................180
എൽ.സി.വി/എൽ.ജി.വി (മിനി ബസ് ഉൾപ്പെടെ).......................195...............290
ബസ്/ട്രക്ക്........................405.........................610
പ്രാദേശിക വാണിജ്യേതര വാഹനങ്ങൾ (200 കി.മി ചുറ്റളവ്).........................പ്രതിമാസം 360
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |